കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനമൊരുക്കി സംഗീത സംവിധായകന് ബിജിബാല്‍. പി.രാജീവ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച ഗാനം മിനിറ്റുകള്‍ക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. ‘ദില്‍ മേ രാജീവ്…ദില്ലി മേ രാജീവ്’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാല്‍ തന്നെയാണ്. അജീഷ് ദാസനാണ് വരികള്‍ രചിച്ചിരിക്കുന്നത്. പി.രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മേജര്‍ രവി പങ്കെടുത്ത് സംസാരിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു.
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡനാണ് പി.രാജീവിന്റെ മുഖ്യ എതിരാളി. ഹൈബി എംഎല്‍എ കൂടിയാണ്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണെങ്കിലും പി.രാജീവ് ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനവും മികച്ച നിലയില്‍ വോട്ട് പിടിക്കുമെന്ന വിലയിരുത്തലുമുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി, രാജ്യസഭാ എംപി എന്നീ നിലകളില്‍ രാജീവ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലോക്സഭാ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.