ഉത്സവപ്രേമികള്‍ക്ക് ഏറ്റവും ആവേശം പകരുന്ന ഒന്നാണ് ചെണ്ടമേളം. ഡാന്‍സിന്റെ എബിസിഡി അറിയാത്തവരെ പോലും തുള്ളിക്കാന്‍ കെല്‍പ്പുള്ളതാണ് മേളം. അത്തരത്തില്‍ വൈറലായ എത്രയോ വീഡിയോകള്‍ നമുക്ക് മുന്നിലുണ്ട്. പക്ഷെ ഇത്തവണ അല്‍പ്പം സ്പെഷ്യലാണ് സംഭവം. മേളത്തിനൊപ്പം ചുവടുവയ്ക്കുന്നത് ഒരു മുത്തശിയാണ്.
മേളക്കാര്‍ക്ക് ചുറ്റും നൂറുകണക്കിന് ആളുകള്‍ താളം പിടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാവരുടേയും കണ്ണുകള്‍ ഉടക്കിയത് അല്‍പ്പം മാറി നിന്ന് ആസ്വദിക്കുന്ന ഒരു മുത്തശിയായിരുന്നു. വെറുതെ അങ്ങ് നിന്ന് താളം പിടിക്കുകയായിരുന്നില്ല മുത്തശി, ഉയര്‍ന്ന് ചാടിയും കൈകള്‍ വീശിയുമൊക്കെയുള്ള ഒന്നൊന്നര ആസ്വാദനം.
സ്വാതി ജഗദീഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്. പാലാക്കാടുള്ള ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സ്ത്രീകള്‍ക്ക് ഏത് പ്രായത്തിലും ആഘോഷങ്ങളാകാമെന്നതിന് തെളിവാണ് ഈ വീഡിയോയെന്നും പ്രചോദനമാകാട്ടെ മുത്തശിയുമെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.