ഒരു മാസത്തെ വ്രതശുദ്ധിയുടെ പുണ്യനിറവിൽ ഇസ്‌ലാം മത വിശ്വാസികൾ ഇന്നു ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കുന്നു. ഓരോ വിശ്വാസിക്കും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഓർമപ്പെടുത്തുക കൂടിയാണ് പെരുന്നാൾ. രാവിലെ തന്നെ പളളികൾ പ്രത്യേക നമസ്കാരം നടന്നു. പെരുന്നാൾ നമസ്കാരത്തിനുശേഷം പരസ്പരം ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തതിനും ശേഷമാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.
പെരുന്നാൾ ദിനത്തിൽ പുത്തരിക്കണ്ടം മൈതാനത്തിൽ നിന്നുള്ളൊരു കാഴ്ച ഹൃദയം കവരുന്നതാണ്. പെരുന്നാൾ നമസ്കാരത്തിനുശേഷം പുറത്തെത്തിയ കൊച്ചു മിടുക്കൻ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരന് കൈ കൊടുക്കുന്നതാണ് ചിത്രം. സ്നേഹത്തോടെ ഹസ്തദാനം ചെയ്യാനെത്തിയ കൊച്ചു ബാലന് പൊലീസ് ഉദ്യോഗസ്ഥനും കൈ കൊടുത്തു.
ചന്ദ്രൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മുൻ ഡിജിപി ജേക്കബ് പുന്നൂസ് തന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. കുട്ടികളോടുളള കേരള പൊലീസിന്റെ ഇത്തരത്തിലുളള ഇടപെടുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും ജേക്കബ് പുന്നൂസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
29 ദിനം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് ഇസ്‌ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ. ‘ഈദ്’ എന്ന അറബിക് പദത്തിന് ആഘോഷം എന്നും ‘ഫിത്‌ർ’ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം.
Happy Eid-ul-Fitr 2019: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പെരുന്നാൾ, ആശംസകൾ കൈമാറാം
ഈദ് നമസ്കാരമാണ് ഈ ദിനത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും. നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്‌ചയാണ്.