ന്യൂസിലൻഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് മോശം പ്രസ്താവന നടത്തിയ ഓസ്ട്രേലിയൻ സെനറ്ററെ മുട്ടകൊണ്ട് അടിച്ച് പ്രതിഷേധിച്ച കൗമാരക്കാരനെ പുകഴ്ത്തി സോഷ്യൽ മീഡിയ. ക്യൂൻസ് ലാൻഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസർ ആനിങ് ആണ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതിന് പ്രതിഷേധം നേരിട്ടത്.

മെൽബണിൽ പത്രസമ്മേളനത്തിനിടെ 17 വയസുകാരൻ ആനിങ്ങിന്റെ തലയിൽ ഒരു മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു. ഇതേ തുടർന്ന് ദേഷ്യത്തിലായ സെനറ്റർ കൗമാരക്കാരനായ വില്‍ കൊണോലിനെ അടിച്ചു. ഇതിനകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും പിടിച്ചുമാറ്റി. കുട്ടിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. രാജ്യത്ത് മുസ്‌ലിം കുടിയേറ്റത്തിന്റെ ഫലമാണ് ആക്രമണം നടന്നതെന്നാണ് ഇയാൾ പ്രസ്താവിച്ചത്.

‘ഹീറോ ഓഫ് ദ വീക്ക്’ എന്നാണ് കൗമാരക്കാരനെ കുറിച്ച് സോഷ്യൽ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നത്. മുതിര്‍ന്നവര്‍ പ്രതികരിക്കാതിരുന്ന സംഭവത്തില്‍ ‘എഗ് ബോയ്’ വിലയേറിയ പ്രതികരണമാണ് നടത്തിയതെന്നാണ് പലരും ട്വീറ്റ് ചെയ്തത്. ദേശീയ ഹീറോ ആയാണ് 17കാരനെ പലരും പുകഴ്ത്തിയത്. ഓസ്ട്രേലിയയിലെ ഉന്നത പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 17കാരന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook