scorecardresearch
Latest News

ഒറ്റപ്പെട്ട സംഭവമല്ല; ഇ ബുൾ ജെറ്റിൽ നിറഞ്ഞ് സോഷ്യൽ മീഡിയ ചർച്ചകൾ

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ യൂട്യൂബർമാർക്കെതിരെ ഉണ്ടാകുന്ന കേസുകളും വർധിക്കുകയാണ്

ഒറ്റപ്പെട്ട സംഭവമല്ല; ഇ ബുൾ ജെറ്റിൽ നിറഞ്ഞ് സോഷ്യൽ മീഡിയ ചർച്ചകൾ

കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറെ ചർച്ച ചെയ്തത് ഇ ബുൾ ജെറ്റ് സഹോദര ങ്ങളുടെ അറസ്റ്റും അതിനു ശേഷമുണ്ടായ സംഭവവികാസങ്ങളുമാണ്.

ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായി രൂപമാറ്റങ്ങൾ വരുത്തിയതിന് ഇ-ബുൾ ജെറ്റ് എന്ന യൂട്യൂബർ സഹോദരങ്ങളുടെ ‘നെപ്പോളിയൻ’ എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഇടുകയും ചെയ്തു. ഇതത്തുടർന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു അതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചത്.

യൂട്യൂബർമാരുടെ നടപടിയെ അനുകൂലിച്ചു വിമർശിച്ചും നിരവധി അഭിപ്രായ പ്രകടനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നത്. “കുറെ ആരാധകർ ഉണ്ടെന്ന ബലത്തിൽ യൂട്യൂബർമാർ” നിയമം കയ്യിലെടുക്കയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾ. മറ്റൊരു വശത്ത് ആൾട്ടറേഷനിൽ നടപടിയെടുത്ത മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ വിമർശിച്ചും ഇ-ബുൾ ജെറ്റിന് പരോക്ഷമായ പിന്തുണ പ്രഖ്യാപിച്ചുമാണ് ഒരു കൂട്ടം ആളുകൾ രംഗത്തുവന്നത്.

രണ്ടു യൂട്യൂബർമാർ അവരുടെ സ്വാർത്ഥ ആവശ്യങ്ങൾക്കായി നിയമലംഘനം നടത്തിയതിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും സ്വീകരിച്ച നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ രണ്ടു തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്.

സമൂഹ മാധ്യമങ്ങളിൽ  ഇവരെ അനുകൂലിച്ചവരിൽ ഏറെയും വിദ്യാർത്ഥികളും കൗമാരക്കാരും ആയിരുന്നു. വൈകാരികമായിട്ടായിയിരിന്നു ഇവരിൽ പലരുടെയും പ്രതികരണം.

നവമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചു യുവാക്കളുടെയും കൗമാരക്കാരുടെയും പിന്തുണയോടെ നിയമലംഘനങ്ങൾക്കും അരാഷ്ട്രീയ പ്രവർത്തനങ്ങൾക്കും തുനിയുന്നവരായി യുട്യൂബ് വ്‌ളോഗർമാർ മാറുന്നുവെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകളിൽ  ഉന്നയിക്കുന്നുണ്ട്. വ്‌ളോഗർമാർക്ക് എതിരെ നിയമലംഘന ആരോപണങ്ങൾ വരുന്നതും കേസുകളിൽ പെടുന്നതും ഇത് ആദ്യ സംഭവമല്ല.

യുട്യൂബ് ചാനലുകളിലൂടെ നിരവധി ‘ ആരാധകരെ സൃഷിടിക്കുകയും വൻ തുക സമ്പാദിക്കുകയും ചെയ്യുന്നവർ ഉണ്ട്. ഇതേ സമയം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ യൂട്യൂബർമാർക്കെതിരെ ഉണ്ടാകുന്ന കേസുകളും വർധിക്കുകയാണ്.  

ഈ അടുത്ത കാലത്ത് ഇങ്ങനെയുള്ള  പല കേസുകളും കേരളം കണ്ടിട്ടുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള യൂട്യൂബർ മുതൽ പുതുതായി ചാനൽ തുടങ്ങിയ യൂട്യൂബർ വരെ ഇതിൽപ്പെടുന്നു. ആളുകളെ ആകർഷിക്കുന്നതിനും അതിലൂടെ റീച്ചിനും അതിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിനും വേണ്ടിയാണ് ഇവർ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് മുതിരുന്നത്  എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തിയ വിമർശനം.

രണ്ടു ദിവസം മുൻപാണ് കൊച്ചിയിൽ പ്രാങ്ക് വീഡിയോയുടെ പേരിൽ സ്ത്രീകളെ ശല്യം ചെയ്ത യൂട്യൂബറെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം ചിറ്റൂർ സ്വദേശിയായ ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും തുടങ്ങിയ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തത്.

അതിനു ദിവസങ്ങൾക്ക് മുൻപ് കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിലായിരുന്നു. യൂട്യൂബ് ചാനലിന് വേണ്ടി വീഡിയോ എടുക്കുന്നതിനായി ഡ്രോൺ പറത്തിയതിനാണ് നാവിക സേന യുവാവിനെ  പിടികൂടി പൊലീസിന് കൈമാറിയത്.  നിരോധന സ്ഥലത്ത് യുവാവ് ഡ്രോൺ പറത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.

Also read: ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യം; അറസ്റ്റിനുശേഷം കൂടിയത് 1.75 ലക്ഷം സബ്‌സ്‌ക്രൈബർമാർ

ഇടമലക്കുടി എന്ന വനമേഖലയിൽ അനുമതി ഇല്ലാതെ പ്രവേശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയതിന് സുജിത് ഭക്തൻ എന്ന വീഡിയോ വ്‌ളോഗർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.

ആമയുടെ മുകളിൽ കാമറ കെട്ടി വീഡിയോ ഷൂട്ട് ചെയ്‌തതിനു ഫിറോസ് ചുട്ടിപ്പാറ എന്ന ഫുഡ് വ്‌ളോഗർക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയതും സോഷ്യൽ മീഡിയ ഈ അടുത്ത കാലത്ത് ചർച്ച ചെയ്ത സംഭവമാണ്.

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വിഡിയോ ഇട്ട ഒരു വ്യക്തിക്കെതിരെ പരാതി നൽകിയിട്ടും കേസ് എടുക്കാതെ വന്നതിനെ തുടർന്ന് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർ ആ വ്യക്തിയുടെ താമസസ്ഥലത്ത് എത്തി കരി ഓയിൽ ഒഴിച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. പിന്നീട് പൊലീസ് ഇരു കൂട്ടർക്കും എതിരെ കേസ് എടുത്തിരുന്നു.

ഇതിനെല്ലാം പുറമെ ഫോളോവേഴ്സിന്റെ എണ്ണം കാണിച്ചു പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുമായി വിലപേശലുകൾ നടത്തിയെന്ന ആരോപണങ്ങളും വ്ളോഗർമാർക്കെതിരെ പലപ്പോഴായി ഉയർന്നിട്ടുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: E bull jet issue cases against youtubers social media reaction