ദീർഘനാളത്തെ പ്രണയത്തിന് ശേഷം വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും വിവാഹിതരായിരിക്കുകയാണ്. ഇന്ത്യക്കാരെ ഇത്രയും ആകാംക്ഷാഭരിതരാക്കിയ മറ്റൊരു വിവാഹം ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇറ്റലിയിലെ മിലാനിലെ സ്വകാര്യ റിസോർട്ടിൽവെച്ചാണ് ഇരുവരു വരണ്യമാല്യം ചാർത്തിയത്. ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടെയും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

പ്രണയജോഡികള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രശസ്തരാണ് രംഗത്തെത്തിയത്. ആരാധകര്‍ക്കൊപ്പം ബോളിവുഡും കായികലോകവും വിരുഷ്കയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തി. ഇതിനിടയിലാണ് കോണ്ടം കമ്പനിയായ ഡ്യൂറക്സും താരങ്ങള്‍ക്ക് ആശംസയുമായെത്തിയത്. എന്നാല്‍ ആശംസ ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ല. ആശംസ അറിയിക്കുന്നതിനൊപ്പം കമ്പനിയുടെ ക്യാംപെയിനും കുത്തിത്തിരുകിയതാണ് പ്രശ്നമായത്.

‘ആശംസകള്‍, നിങ്ങള്‍ക്ക് ഇടയില്‍ മറ്റൊന്നിനേയും കടന്ന് വരാന്‍ അനുവദിക്കരുത്, ഡ്യൂറക്സ് കോണ്ടം ഒഴികെ’, എന്നായിരുന്നു കമ്പനി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ച ചിത്രത്തില്‍ ആശംസിച്ചത്.
ആശംസയ്ക്കൊപ്പം പരസ്യം കൂടി നടത്തിയ കമ്പനിയുടെ രീതി വളരെ ക്രിയേറ്റീവ് ആണെന്ന് ചിലര്‍ അഭിനന്ദിച്ചപ്പോള്‍ അനൗചിത്യപരമാണ് കമ്പനിയുടെ നീക്കമെന്ന് വിമര്‍ശനം ഉയര്‍ന്നു. വിരാടിനും അനുഷ്കയ്ക്കും കുട്ടികള്‍ വേണ്ടെന്നാണ് കമ്പനി ഉദ്ദേശിച്ചതെന്ന് ചിലര്‍ തിരിച്ച് ചോദിച്ചു.

രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പാടില്ലെന്ന കേന്ദ്ര ഉത്തരവ് ചൂണ്ടിക്കാട്ടിയും ചിലര്‍ രംഗത്തെത്തി. ഗർഭ നിരോധന ഉറകളുടെ പരസ്യ ചിത്രം രാത്രി 10നും പുലർച്ചെ അഞ്ചിനും ഇടയിൽ മാത്രമായി കാണിച്ചാല്‍ മതിയെന്നും ഉപദേശം ഉയര്‍ന്നു.

കഴിഞ്ഞ ദിവസമാണ് ഇരുതാരങ്ങളും വിവാഹിതരായത്. ലോകപ്രശസ്തമായ ബോർഗോ ഫിനോച്ചെറ്റീയോ എന്ന റിസോർട്ടിൽവെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. 22 ബെഡ്റൂമുകൾ മാത്രമുള്ള റിസോർട്ടിൽ വലിയ സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതോടെ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു.

കഴിഞ്ഞദിവസം പുലർച്ചെ അനുഷ്കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടതോടെ വിവാഹ വാർത്ത ആരാധകർ ഏകദേശം ഉറപ്പിക്കുകയും ചെയ്തു. സഹോദരൻ കർണേഷിനും മാതാപിതാക്കൾക്കുമൊപ്പം അനുഷ്ക ഇറ്റലിയിലേക്കു പോയെന്നായിരുന്നു റിപ്പോർട്ട്. വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ പിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ