ദുബൈ: ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിപ്പൂച്ചയെ രക്ഷിച്ചവരുടെ വിശാലമനസ്‌കതയെ ആദരിച്ച് ദുബൈ ഭരണാധികാരി. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും 10 ലക്ഷം രൂപ (അന്‍പതിനായിരം ദിര്‍ഹം) വീതം അദ്ദേഹം സമ്മാനമായി നല്‍കി.
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഡ്രൈവര്‍ എറണാകുളം കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി മുഹമ്മദ് റാഷിദ്, മൊറോക്ക സ്വദേശിയായ വാച്ച്മാന്‍ അഷ്‌റഫ് ബ്ലാന്‍സ, പാക്കിസ്ഥാന്‍ സ്വദേശിയായ സെയില്‍സ് മാന്‍ ആതിഫ് മുഹമ്മദ് നവാസ് ഖാന്‍ എന്നിവര്‍ക്കാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമ്മാനം നല്‍കിയത്. ദുബൈ ഭരണാധികാരിയുടെ ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നാലുപേര്‍ക്കും തുക നേരിട്ട് സമ്മാനിക്കുകയായിരുന്നു.
ദേരയിലെ കെട്ടിടത്തിന്റെ ബാല്‍ക്കണിയോട് ചേര്‍ന്ന് തുങ്ങിക്കിടക്കുകയായിരുന്ന പൂച്ചയെ തുണി വിരിച്ചുപിടിച്ചാണ് സംഘം രക്ഷിച്ചത്. നസീര്‍ മുഹമ്മദ്, അഷ്‌റഫ്, ആതിഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പൂച്ചയെ രക്ഷിച്ചത്.
തുണി വിരിച്ചുപിടിച്ചതോടെ ഇതിലേക്കു ചാടിയ പൂച്ച പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ പൂച്ചയെ തലോടിയാണു പറഞ്ഞുവിട്ടത്. ഇതിന്റെ ദൃശ്യം സംഭവസ്ഥലത്തിനു സമീപം കട നടത്തുന്ന മുഹമ്മദ് റാഷിദ് ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു.
വിഡിയോ ട്വിറ്ററിലും മറ്റും പങ്കുവച്ച ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സംഘത്തെ അഭിനന്ദിച്ചിരുന്നു. ”മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തി കാണുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. അറിയപ്പെടാത്ത ഈ വീരന്മാരെ തിരിച്ചറിയുന്നവര്‍ നന്ദി അറിയിക്കാന്‍ സഹായിക്കൂ,” എന്ന് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം ട്വിറ്റില്‍ കുറിച്ചിരുന്നു.
ദേര നായിഫ് ഫ്രിജ് മുറാറില്‍ ഓഗസ്റ്റ് 24നു രാവിലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ പ്രവഹിച്ച സംഭവം നടന്നത്. അരമണിക്കൂറോളം നീണ്ടതായിരുന്നു രക്ഷാപ്രവര്‍ത്തനം. പൂച്ചയെ രക്ഷിച്ച മൂന്നുപേര്‍ക്കും സംഭവത്തിനു മുന്‍പ് പരസ്പരം അറിയാവുന്നരല്ലായിരുന്നു. ആര്‍ടിഎ ഡ്രൈവറായ നസീര്‍ മുഹമ്മദ് 13 വര്‍ഷമായി ദുബൈയിലാണ്.