കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്‌കൂട്ടറിൽ യാത്ര ചെയ്ത് യുവാവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്‌കൂട്ടറിൽ പെരുമ്പാമ്പുമായി യാത്ര ചെയ്യുകയും നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്‌തത്. ജനുവരി 29ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പിടികൂടിയ പെരുമ്പാമ്പിനെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായാണ് ജിത്തു സ്‌കൂട്ടറിൽ യാത്ര ചെയ്തത്. അതിനിടയിൽ വഴിയരികിൽ ആളുകളെ കണ്ടതോടെ പാമ്പിനെ എടുത്ത് ആളുകൾക്ക് മുന്നിൽ പ്രദര്ശിപ്പിക്കുകയായിരുന്നു. “ഇതാണ് എന്റെ മുത്തുമോൻ” എന്ന് പറഞ്ഞ് പാമ്പിനെ ആളുകൾക്ക് പരിചയപ്പെടുത്തിയ യുവാവ്. പെരുമ്പാമ്പിനോട് “നമ്മുക്ക് കള്ളു കുടിക്കാൻ” പോകാമെന്ന് പറഞ്ഞ് സ്‌കൂട്ടറിന്റ പിന്നിൽ കയറ്റി കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം.
ജിത്തു പാമ്പിനെ പിന്നീട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പൊലീസ് അധികൃതർ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. എന്നാൽ പാമ്പ് പ്രദർശനത്തിന്റെയും സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന്റെയും വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി അവർ വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
Also Read: മെറ്റാവേഴ്സിൽ വിവാഹ റിസപ്‌ഷൻ നടത്തി തമിഴ് ദമ്പതികൾ; ഏഷ്യയിൽ ആദ്യം