ചെന്നൈ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞ കുട്ടികുരങ്ങന് രക്ഷകനായി ടാക്സി ഡ്രൈവർ. വഴിയിൽ പരുക്കേറ്റു കിടന്ന കുരങ്ങിന് കൈപ്പത്തികൾ നെഞ്ചിലമർത്തിയും കൃത്രിമ ശ്വാസം നൽകിയുമാണ് ടാക്സി ഡ്രൈവറായ പ്രഭു പുതുജീവൻ നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
യാത്രക്കിടയിലാണ് കുട്ടികുരങ്ങിനെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പ്രഭു കാണുന്നത്. ഉടൻ കാറിൽ നിന്നും ഇറങ്ങി പ്രഭു നായ്ക്കളെ ഓടിച്ചു.പിന്നാലെ പ്രാണരക്ഷാർത്ഥം കുരങ്ങ് ഓടി മാറിയെങ്കിലും ഉടനെ അബോധാവസ്ഥയിലായി. തുടർന്നാണ് പ്രഭു കുഞ്ഞിനു കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ചത്.
അബോധാവസ്ഥയിലായ കുരങ്ങിനെ പ്രഭു നിലത്തു കിടത്തി കൈകൾ നെഞ്ചിൽ അമർത്തി വായു പമ്പുചെയ്യുന്നതും കൃത്രിമ ശ്വാസം നൽകുന്നതും പിന്നീട് കുരങ്ങിനു ബോധം വരുമ്പോൾ പ്രഭു സന്തോഷിക്കുന്നതും വീഡിയോയിൽ കാണാം.
കുട്ടികുരങ്ങിന്റെ ജീവൻ രക്ഷിച്ച ശേഷം അതിനെ അടുത്ത മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി ഫോറസ്ററ് ഉദ്യോഗസ്ഥരെ ഏല്പിച്ച ശേഷമാണ് പ്രഭു മടങ്ങിയത്. പ്രഭുവിന്റെ ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധിപേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ചു രംഗത്ത് എത്തുന്നത്.
Also Read: ഹർനാസിനെ വിശ്വസുന്ദരിയാക്കിയ ആ അവസാന ചോദ്യവും ഉത്തരവും; വീഡിയോ