മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം പുറത്തിറങ്ങിയതിന് പിന്നാലെ നാട്ടിൽ മൊത്തം ‘ചാമ്പിക്കോ’ തരംഗമാണ്. മദ്രസാ അധ്യാപകനും കുട്ടികളുടെയും മുതൽ താരങ്ങളും ആനയും സാക്ഷാൽ കൊച്ചി മെട്രോയുടെയും വരെ ‘ചാമ്പിക്കോ’ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായതാണ്.
ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് പുതിയൊരു വീഡിയോയും ഇടംപിടിച്ചിരിക്കുകയാണ്. ലത്തീന്‍ കത്തോലിക്ക സഭയുടെ മുൻ ആർച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യവും കന്യാസ്ത്രീമാരും ഒന്നിച്ചുള്ള ‘ചാമ്പിക്കോ’ വീഡിയോയാണ് വൈറലാവുന്നത്. നിരന്നു നിൽക്കുന്ന കന്യസ്ത്രീമാർക്കിടയിലേക്ക് നടന്ന് വന്നിരുന്ന് മമ്മൂട്ടി സ്റ്റൈലിൽ ‘ചാമ്പിക്കോ’ന്ന് പറയുകയാണ് സൂസപാക്യം പിതാവ്. അപ്പോൾ തന്നെ കൈകൾ കെട്ടി പോസ് ചെയ്യുന്നുണ്ട് കന്യാസ്ത്രീമാരും.
ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ ഫൊട്ടോ സെഷനാണ് ‘ചാമ്പിക്കോ’ ട്രെൻഡ് പിടിച്ച് കളറാക്കിയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് കയ്യടിച്ച് രംഗത്തെത്തുന്നത്.