ഗൃഹാതുരത്വത്തെ എന്നും നെഞ്ചേറ്റുന്നവരാണ് നമ്മള്‍. ഒരു കാലത്ത് ഇന്ത്യന്‍ ടെലിവിഷന്റെ മുഖമുദ്രയായിരുന്ന ദൂരദര്‍ശന്റെ ലോഗോ മാറുന്നുവെന്ന വാര്‍ത്തയെ അത്കൊണ്ട് തന്നെയാണ് ചിലര്‍ എതിര്‍ക്കുന്നതും. കേബിള്‍ ടിവി വരുന്നതിന് മുമ്പാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ ദൂരദര്‍ശനായിരിക്കും നിങ്ങളുടെ ബാല്യകാലത്തെ കൂട്ടുകാരന്‍. കേബിളിന്റെ കടന്നുവരവോടെ ഓര്‍മ്മയിലേക്ക് മറഞ്ഞ ദൂരദര്‍ശന്‍ ലോഗോ മാറ്റുന്നുവെന്ന വാര്‍ത്തയോടെയാണ് വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്.

ദൂരദര്‍ശന്റെ പുതിയ ലോഗോയ്ക്കായി ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളളത്. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നിലവിലുള്ള, മനുഷ്യകണ്ണിനെ അനുസ്മരിപ്പിക്കുന്ന ലോഗോ മാറ്റാനാണ് അധികൃതരുടെ തീരുമാനം. ‘ഗൃഹാതുരത്വം’ നിലനിറുത്തിക്കൊണ്ടുള്ള മാറ്റങ്ങളാവും നിലവില്‍ വരികയെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ലോഗോ മാറ്റുന്നുവെന്ന വാര്‍ത്തയെ ഭൂരിഭാഗവും നെറ്റിചുളിച്ചാണ് കേട്ടത്. ദൂരദര്‍ശന്റെ ലോഗോ മാറ്റരുതെന്നും ഇത് തന്റെ ബാല്യകാലം തന്നെയാണ് പ്രതിനിധീകരിക്കുന്നതെന്നുമാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. മികച്ച ലോഗോ തന്നെയാണ് ഇപ്പോഴുളളതെന്നും മാറ്റേണ്ട കാര്യമില്ലെന്നും ചിലര്‍ വാദിച്ചു.

ലോഗോ മാറ്റാതെ ഉളളടക്കത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് മിക്കവരും നിര്‍ദേശിക്കുന്നു. ഈ ലോഗോ ഇന്ത്യയുടെ സ്വത്വ രൂപമാണെന്നും ഇന്ത്യക്കാര്‍ക്ക് വൈകാരിക അടുപ്പമാണ് ലോഗോയോട് ഉളളതെന്നും ട്വീറ്റുകള്‍ വന്നു. എന്നാല്‍ ചിലര്‍ ലോഗോ മാറുന്നതിനെ സ്വീകരിച്ചും രംഗത്തെത്തി.

1959ലാണ് ദൂരദര്‍ശന്റെ ലോഗോ രൂപകല്‍പ്പന ചെയ്തത്. ഇപ്പോള്‍ ദൂരദര്‍ശന് കീഴില്‍ 23 ചാനലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പുതിയ തലമുറയില്‍ ഭൂരിപക്ഷത്തിനും ലോഗോയോട് അടുപ്പമില്ലെന്നും അവര്‍ സ്വകാര്യ ചാനലുകളുടെ ലോകത്തിലാണ് വളര്‍ന്നതെന്നും കാണിച്ചാണ് ലോഗോ മാറ്റുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ