ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വീഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന ‘ജിയോ രെ ബാഹുബലി’ ഗാനരംഗത്തിന്റെ മോർഫ് ചെയ്ത വീഡിയോ ആണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതിൽ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേർത്തിരിക്കുന്നത്. ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Read More: വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്: കെ.ആർ മീര
Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG
— Donald J. Trump (@realDonaldTrump) February 22, 2020
ട്രംപിന് പുറമെ ഭാര്യയും പ്രഥമ വനിതയയുമായ മെലാനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, ഡോണൾഡ് ട്രംപ് ജൂനിയർ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെയെല്ലാം 1.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ കഴിയും. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 1000 കോടി വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു. ബാഹുബലി 2 ഇന്ത്യയിൽ 800 കോടി രൂപയും വിദേശ വിപണിയിൽ 200 കോടി രൂപയും നേടി.
സ്വവർഗ ദമ്പതികളുടെ പ്രണയകഥ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമായ ശുഭ് മംഗൾ സ്യാദ സാവധാനെയും വെള്ളിയാഴ്ച വൈകിട്ട് യുഎസ് പ്രസിഡന്റ് പ്രശംസിച്ചിരുന്നു.
Great! https://t.co/eDf8ltInmH
— Donald J. Trump (@realDonaldTrump) February 21, 2020
ഫെബ്രുവരി 24നാണ് ട്രംപും കുടുംബവും ഇന്ത്യയിൽ എത്തുന്നത്. മൂവരും അഹമ്മദാബാദ്, ആഗ്ര, ന്യൂഡൽഹി എന്നിവിടങ്ങൾ സന്ദർശിക്കും. ട്രംപ് പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയും ആദ്യ ദിവസം അഹമ്മദാബാദിൽ നടക്കും. മോദിയും ട്രംപും ഒരേ വേദിയിലെത്തുന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് മണിക്കൂർ നേരമാകും ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ ചിലവഴിക്കുക എന്നാണ് റിപ്പോർട്ട്. സബർമതി ആശ്രമത്തിലെത്തി പുഷ്പാർച്ചന നടത്തുന്ന ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോയും നാളെ നടക്കും. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം താജ്മഹൽ സന്ദർശിക്കാനായി ആഗ്രയിലേക്കും അമേരിക്കൻ പ്രസിഡന്‍റും സംഘവും തിരിക്കും.
ട്രംപിന്റെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വലിയ വ്യാപാര കരാരുകൾക്കുള്ള തുടക്കമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.