വാഷിങ്ടണ്‍: ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. ആഗസ്ത് 21 നാണ് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി യുഎസ് ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്ന ആദ്യത്തെ സൂര്യഗ്രഹണം അതിന്റെ എല്ലാ സൂക്ഷ്മതയോടും കൂടി തന്നെ രാജ്യം ദര്‍ശിച്ചു. സൂര്യഗ്രഹണത്തിന്റെ നിരവധി ചിത്രങ്ങളാണ് അമേരിക്കയില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രചരിച്ചത്.

എന്നാല്‍ ഈ ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയത്. സുര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്ന ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രസിഡന്റിനെ വെട്ടിലാക്കിയത്. ട്രംപും ഭാര്യം മെലാനിയയും മകന്‍ ബാരണും വാഷിങ്ടണ്‍ ഡിസിയില്‍ വെച്ചാണ് ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചത്.

നഗ്ന നേത്രങ്ങള്‍ കൊണ്ടാണ് ട്രംപ് സൂര്യഗ്രഹണം കണ്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയ ട്രംപും മകന്‍ ബാരണും കണ്ണടകള്‍ ധരിച്ചാണ് എത്തിയത്. എന്നാല്‍ സൂര്യഗ്രഹണം നന്നായിട്ട് കാണാന്‍ ആവേശം മൂത്ത് കണ്ണട ഊരിമാറ്റിയ പ്രസിഡന്റിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ശാസ്ത്രം വ്യാജമാണെന്ന് തെളിയിക്കാനാണ് ട്രംപ് സുരക്ഷിത കണ്ണട ഊരിമാറ്റി സൂര്യഗ്രഹണം ദര്‍ശിച്ചതെന്നാണ് ഒരു വിരുതന്‍ ട്വിറ്ററില്‍ കുറിച്ചത്. ‘സൂര്യനെ നോക്കാന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പേടിയായിരുന്നു’ എന്ന് മെലാനിയ ട്രംപിന്റെ ചെവിയില്‍ പറഞ്ഞു കാണുമെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

അമേരിക്കന്‍ സമയം രാവിലെ 10.16 ന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്.

ഇനി ഇതുപോലെ ഒരു സൂര്യഗ്രഹണം ദൃശ്യമാവണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. അതിനാല്‍ ഈ ഗ്രഹണത്തെ പൂര്‍ണ്ണമായും പഠനവിധേയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അമേരിക്ക പൂര്‍ത്തിയാക്കിയിരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ വെബ്‌സൈറ്റില്‍ ഗ്രഹണം തത്സമയം കാണാന്‍ അവസരമൊരുക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ