വീണ്ടും വാർത്തകളിൽ നിറയുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തവണ വാർത്തകളിൽ നിറയുന്നത് ഒരു ഹസ്‌തദാനമാണ്. ജർമൻ ചാൻസലർ ആൻജലെ മെർക്കലിന് കൈ കൊടുക്കാൻ വിസമ്മതിച്ച ട്രംപിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വൈറ്റ് ഹൗസിൽ ഇരുവരും കൂടിക്കാഴ്‌ച നടത്തിയപ്പോഴാണ് സംഭവം. മെർക്കലിന് കൈ കൊടുക്കാൻ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

കൂടിക്കാഴ്‌ചയ്ക്കെത്തിയ ഇരു നേതാക്കളോടും ഹസ്തദാനം നടത്താൻ ഫൊട്ടോഗ്രഫർമാർ ആവശ്യപ്പെട്ടു. ഇത് കേട്ട മെർക്കൽ ട്രംപിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ട്രംപ് വിസമ്മതിക്കുകയായിരുന്നു. നമ്മുടെ ഹസ്‌തദാനം അവർ ആഗ്രഹിക്കുന്നുണ്ടെന്ന് മെർക്കൽ പറയുന്നതും വിഡിയോയിലുണ്ട്. എന്നിട്ടും ട്രംപ് മുഖം തിരിച്ചിരിക്കുകയായിരുന്നു. ഒന്നും മിണ്ടാതെ മുഖം ചുളിച്ചിരിക്കുന്ന ട്രംപിനെയാണ് പിന്നീട് വിഡിയോയിൽ കാണുന്നത്. ഇത് കണ്ട് ആദ്യം അസ്വസ്ഥതയായ മെർക്കൽ പിന്നീട് ചിരിക്കുന്നതും കാണാം.

ഇത് കണ്ടവർ ട്രോളി കൊണ്ടിരിക്കുകയാണ് ട്രംപിനെ. മറ്റുളള ലോക നേതാക്കന്മാരുടെ പെരുമാറ്റവുമായി ഇതിനെ താരതമ്യം ചെയ്യുന്നുമുണ്ട് ട്വിറ്ററിൽ. ഒപ്പം ട്രംപ് ഒരു കുഞ്ഞ് പ്രസിഡന്റാണെന്ന് ഉറപ്പിക്കുന്നതാണീ വിഡിയോയെന്ന് പറയുന്നവരും കുറവല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ