വളരെ ത്രില്ലിങ്ങായുള്ള അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ് വാട്ടര്‍ സ്പോര്‍ട്സ്. ദ്വീപുകളിലേക്ക് വിനോദയാത്രയ്ക്ക് പോകുന്ന പലരും ഇത്തരം സാഹസികതയ്ക്ക് തുനിയാറുണ്ട്. ബോട്ട് ടൂറും സ്കൂബ ഡൈവിങ്ങുമൊക്കെയാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്നവ. എന്നാല്‍ ബോട്ട് ടൂറിനിടെ ബഹാമസില്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ടായി.
ഏകദേശം 12 അടിയോളം നീളം വരുന്ന വമ്പന്‍ സ്രാവിനെ ആക്രമിക്കാന്‍ കടലിലേക്ക് എടുത്ത് ചാടി ഒരു വിദ്വാന്‍. അത് മറ്റാരുമല്ല ഒരു നായയായിരുന്നു. ബോട്ട് യാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത് എക്സ്യൂമ വാട്ടര്‍ സ്പോര്‍ട്സ് എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ്.
ആദ്യം ബോട്ടിന് സമീപത്ത് കൂടി പോയ സ്രാവ് പിന്നീട് കരലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കരയിലുണ്ടായിരുന്ന നായ സ്രാവിന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഒടുവില്‍ തന്റെ പരിധിയിലെത്തിയപ്പോള്‍ കടലിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. നായയും സ്രാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കണ്ട് സഞ്ചാരികള്‍ അമ്പരന്നു.
നായയുടെ സുരക്ഷയായിരുന്നു സഞ്ചാരികളുടെ അമ്പരപ്പിന് പിന്നില്‍. നായക്ക് ഒന്നും പറ്റിയില്ലെന്നും സുരക്ഷിതനാണെന്നുമാണ് എക്സ്യൂമ വാട്ടര്‍ സ്പോര്‍ട്സ് സിഎന്‍എന്നിനോട് പ്രതികരിക്കവെ അറിയിച്ചത്. ഇതിനോടകം തന്നെ 2.30 ലക്ഷം പേരാണ് വീഡിയോ കണ്ടത്.