scorecardresearch
Latest News

കുത്തൊഴുക്കില്‍നിന്ന് നായയെ രക്ഷിച്ച് നിര്‍മാണത്തൊഴിലാളികള്‍; വീഡിയോ വൈറല്‍

തിങ്കളാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 21 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു

കുത്തൊഴുക്കില്‍നിന്ന് നായയെ രക്ഷിച്ച് നിര്‍മാണത്തൊഴിലാളികള്‍; വീഡിയോ വൈറല്‍

മൃഗങ്ങളെ രക്ഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ വലിയതോതില്‍ ആകര്‍ഷിക്കുന്ന ഉള്ളടക്കങ്ങളിലൊന്നാണ്. കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങിയ നായയെ ഒരുകൂട്ടം നിര്‍മാണത്തൊഴിലാളികള്‍ ചേര്‍ന്നു രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇക്വഡോര്‍ നഗരമായ പസാജെ കാന്റണില്‍നിന്നുള്ളതാണ് ഈ വീഡിയോ. സമീപത്തെ കനാലിലൂടെ നായ അതിവേഗം ഒഴുകിപ്പോകുന്നതായി നിര്‍മാണതൊഴിലാളികള്‍ക്കു റേഡിയോ ജാഗ്രതാ നിര്‍ദേശത്തിലൂടെയാണു വിവരം ലഭിച്ചത്. തുടര്‍ന്നു തൊഴിലാളികള്‍ സമയം പാഴാക്കാതെ തങ്ങളുടെ കൈവശമുള്ള ജെ സി ബിയുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നുവെന്നു ദി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലാളികളിലൊരാള്‍ ജെ സി ബി യുടെ കയ്യില്‍ ഇരുന്നുകൊണ്ട് കനാലിലേക്ക് ഇറങ്ങി. ദൂരെനിന്ന് ഒലിച്ചുന്ന നായയെ തൊഴിലാളി ജെ സി ബി കയ്യിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നായയെ മടിയിലേക്കു ചേര്‍ത്തുവച്ചു. തൊഴിലാളിയെയും നായയെയും മറ്റുള്ളവര്‍ ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

ജനപ്രിയ ട്വിറ്റര്‍ ഉപയോക്താവായ തന്‍സു യെജെന്‍ (@TansuYegen) തിങ്കളാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 21 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ഏതു ദിവസം ചിത്രീകരിച്ചതാണ് വീഡിയോയെന്നു വ്യക്തമല്ല.

”എന്തൊരു രക്ഷാപ്രവര്‍ത്തനം. മഹാനായ മനുഷ്യനും ഭാഗ്യമുള്ള നായയും. നിങ്ങള്‍ രണ്ടുപേര്‍ക്കും ദീര്‍ഘായുസ് നേരുന്നു,” ഒരു ട്വിറ്റര്‍ ഉപയോക്താവ് വീഡിയോയ്ക്കു താഴെ കുറിച്ചു.

”ഈ മനുഷ്യനെ അനുഗ്രഹിക്കൂ! അദ്ദേഹവും ഒഴുക്കില്‍ പെട്ടേനെ. എന്നിട്ടും അതു വകവയ്ക്കാതെ അദ്ദേഹം നിസ്വാര്‍ത്ഥമായി നായയെ രക്ഷിച്ചു! ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍ ശരിക്കും ആകര്‍ഷകമാണെന്ന് എനിക്കു തോന്നുന്നതു വിചിത്രമാണോ?” മറ്റൊരാള്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Dog saved through digger by construction workers