പ്രായം കൂടുമ്പോൾ, രോഗം വരുമ്പോൾ, വീട്ടിൽ ശല്യം കൂടുമ്പോൾ ഒക്കെ ഉടമസ്ഥർ വളർത്തു പട്ടികളെ ഉപേക്ഷിക്കുന്ന പതിവുണ്ട്. അടുത്തിടെയാണ് ചുഞ്ചു നായർ എന്ന വളർത്തു പൂച്ചയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഉടമസ്ഥർ പത്രത്തിൽ കൊടുത്ത പരസ്യം സോഷ്യൽ മീഡിയ ആഘോഷിച്ചത്. ഇപ്പോഴിതാ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പോമറേനിയൻ പട്ടിയെ കണ്ടെത്തിയിരിക്കുന്നു. ഉപേക്ഷിച്ചതിന്റെ കാരണമാണ് അത്ഭുതം.

പട്ടിക്ക് അടുത്ത വീട്ടിലെ പട്ടിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപേക്ഷിക്കുന്നത് എന്ന് കൂടെ ചേർത്തിട്ടുള്ള കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

“നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വർഷമായി ആരെയും കടിച്ചിട്ടില്ല ,പാൽ ,ബിസ്ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്,” എന്നാണ് കുറിപ്പിൽ പറയുന്നത്.

എഴുത്തുകാരിയും വിവർത്തകയുമായ ശ്രീദേവി എസ് കർത്തയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് ശ്രീദേവി എസ് കർത്ത പറയുന്നതിങ്ങനെ:

“ചാക്ക വേൾഡ് മാർക്കറ്റിന്റെ മുന്നിൽ ഉപക്ഷേക്കിപ്പെട്ട നിലയിൽ കണ്ട ഈ പോമറേനിയനെ PFA മെമ്പർ ഷമീം രക്ഷപെടുത്തിയപ്പോൾ ഒപ്പം കിട്ടിയ കുറിപ്പാണിത് ..എന്താണ് പറയേണ്ടതു ..!!ഈ എഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ “അവിഹിതമായി “കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികളെങ്ങാൻ പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപെടുത്തിയേക്കാൻ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് ..നായകൾ തമ്മിൽ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങൾ നടത്തി അവിഹിത പ്രശ്നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദര ..(ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് . ഈ നായയെ കണ്ടു പരിചയമുള്ളവർ 9567437063 എന്ന നമ്പറിൽ വിളിക്കുക ..ഷെയർ ചെയുക ..).” പോസ്റ്റിന് താഴെ പട്ടിയുടെ ഉടമസ്ഥരെ വിമർശിച്ചു കൊണ്ട് നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook