കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ആരോപണവിധേയരാണെന്നും അത്തരത്തിലുള്ള സംവിധാനത്തില്‍ ജനങ്ങള്‍ ചിലപ്പോള്‍ പുറത്തേക്കിറങ്ങുമെന്നും മാസ്ക് വലിച്ചെറിയുമെന്നും പറഞ്ഞ ബിജെപി നേതാവ് ശിവശങ്കരനോട് അരുതേയെന്ന് കൈകൂപ്പി അപേക്ഷിച്ച് ഡോക്ടർ മോഹൻ റോയ്. കൈരളി ന്യൂസ് ചാനനിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം.
Read More: പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്; പ്രതിഷേധങ്ങളുടെ സ്വഭാവം മാറ്റണമെന്ന് ഡോ.ജിനേഷ്
ഈ പരാമര്‍ശത്തിനെതിരെ കൈകൂപ്പി അഭ്യര്‍ഥിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍ മോഹന്‍ റോയ് മറുപടി നല്‍കിയത്.
‘സര്, ഞാന്‍ നിങ്ങളോട് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്. ദയവായി മാസ്ക് വലിച്ചെറിഞ്ഞ് കൊണ്ട് ഒന്നും ചെയ്യരുതെ. സാറിന്റെ അണികളോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളോ മാസ്ക് വലിച്ചെറിഞ്ഞുള്ള ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ്.”
“രാഷ്ട്രമാണ് സര് ആദ്യം വേണ്ടത്. പിന്നെയാണ് രാഷ്ട്രീയം. ജനങ്ങളാണ് അതിന് വേണ്ടത്. പിന്നെയാണ് ജനാധിപത്യം നിങ്ങളൊക്കെ നമുക്ക് വേണം. പ്രതിഷേധിക്കാനുള്ള ഒരു മാര്‍ഗ്ഗത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. ഒരു രോഗത്തിനും ഇത്ര വലിയ രീതിയില്‍ മാധ്യമങ്ങളടക്കം ചേര്‍ന്നുള്ള പ്രചരണമുണ്ടായിട്ടില്ല. എന്നിട്ടും നമ്മള് പുറകോട്ട് പോകുകയാണ്. എല്ലാ രാഷ്ട്രീയ നേതാക്കളോടും പറയാനുള്ളത് നിങ്ങളുടെയെല്ലാം പ്രായം പൊതുസമൂഹത്തിന് അറിയാം. അതീവ അപകടാവസ്ഥയാണിത്. ഇത് തീക്കളിയാണ് സര്. കോവിഡ് പോയ്ക്കഴിഞ്ഞും നിങ്ങളൊക്കെ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു ഡോക്ടറെന്ന നിലയില്‍ കോവിഡിനെ പ്രതിരോധിച്ച് കഴിയുമ്പോഴേക്കും ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നാല്‍ നിങ്ങളെല്ലാവരും ഇവിടെയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്നിലൂടെയേ നിങ്ങൾക്കൊക്കെ രോഗം എത്താവൂ. അവസാന ആരോഗ്യപ്രര്വത്തകനും ഈ ഭൂമിയിൽ മരിച്ചു വീണതിന് ശേഷമേ മറ്റുള്ളവരിലേക്ക് രോഗമെത്താവു എന്ന ആത്മാർത്ഥതയോടെയാണ് സർ ഞങ്ങൾ ജോലി ചെയ്യുന്നത്. ദയവായി, ദയവായി അത് മനസിലാക്കണം,” ഡോക്ടര്‍ പറഞ്ഞു.
ഇന്നലെ മാത്രം 15 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.