മഴവിൽ മനോരമയിലെ നൃത്ത റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് ദിൽഷ ഏവർക്കും സുപരിചിതയാവുന്നത്. ചടുലമായ നൃത്തച്ചുവടുകളിലൂടെ ദിൽഷ പലതവണ വിസ്മയിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനലിലെ ‘ഡെയർ ദി ഫിയർ’ എന്ന ഗെയിം ഷോയിൽ ദിൽഷ പങ്കെടുക്കുന്നുണ്ട്. പന്ത്രണ്ട് വനിതകളാണ് ഡെയര്‍ ദി ഫിയറിലെ മത്സരാര്‍ത്ഥികള്‍. മാനസികവും ശാരീരികവുമായി സമ്മര്‍ദ്ദം ചെലുത്തുന്ന ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികളുടെ ഭയത്തെ ഇല്ലാതാക്കുകയാണ് ഷോയുടെ ഉദ്ദേശ്യം. ഗോവിന്ദ് പദ്മസൂര്യയാണ് ഷോയുടെ അവതാരകൻ.

നാഗവല്ലിയാകാൻ നോക്കി ഒടുവിൽ ‘അയ്യോ’ എന്നു വിളിക്കേണ്ടി വന്ന ദിൽഷയുടെ പുതിയ എപ്പിസോഡിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ഗോദയിലെ ‘ഭയങ്കരിയാ പെണ്ണേ ഭയങ്കരിയാ’ എന്ന പാട്ടിന് നൃത്തം ചെയ്ത് ദിൽഷ കണ്ണാടിക്കൂട്ടിൽ നിറച്ചിരിക്കുന്ന വെളളത്തിലേക്ക് ഇറങ്ങുന്നതാണ് ചിത്രീകരിച്ചത്. പതുക്കെ പതുക്കെ ഡാൻസ് കളിച്ച് ദിൽഷ വെളളത്തിലേക്ക് ഇറങ്ങുന്നു. കുറച്ചു കഴിയുമ്പോൾ ഒരു മുതലക്കുഞ്ഞിനെ വെളളത്തിലേക്ക് ഇടുന്നു. അപ്പോൾ ദിൽഷയ്ക്ക് ഭയം തോന്നിയില്ല. പക്ഷേ പിന്നീട് കൂടുതൽ മുതലക്കുഞ്ഞുങ്ങളെ വെളളത്തിലേക്ക് ഇട്ടതോടെ ദിൽഷ ഭയന്നു. ഇടയ്ക്ക് ഉച്ചത്തിൽ നിലവിളിച്ചുവെങ്കിലും ധൈര്യപൂർവം പിന്നെയും ഡാൻസ് തുടർന്നു.

അവസാനം ദിൽഷ നാഗവല്ലിയായി മാറി. പക്ഷേ അപ്പോഴേക്കും സംഗതി കൈവിട്ടുപോയി. നാഗവല്ലിയുടെ ഡലോഗ് പറഞ്ഞു പൂർത്തിയാക്കിയെങ്കിലും ഭയം കൊണ്ട് ‘അയ്യോ’ എന്നു ദിൽഷ വിളിച്ചു പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ