നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ കുറ്റാരോപിതനായ നടന്‍ ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുത് എന്ന് ദിലീപ് ആരാധകര്‍ ഫേസ് ബുക്കില്‍ കുറിച്ചു. ദിലീപിനെ പിന്തുണച്ചു കൊണ്ടെന്ന മട്ടില്‍ തികച്ചും സ്ത്രീ വിരുദ്ധമായ പോസ്റ്റ്‌, ‘ലൂസര്‍സ് മീഡിയ’ എന്ന പേജ് പ്രചരിപ്പിച്ചിരുന്നു.

യഥാര്‍ത്ഥ കൊട്ടേഷന്‍ കേരളം കാണാനിരിക്കുന്നതേയുള്ളൂ എന്നും, ദിലീപിനെതിരെ സംസാരിക്കുന്ന സ്ത്രീകള്‍ ഇവിടുത്തെ ആണ്‍ പിള്ളേരുടെ ഫോണിലെ തുണ്ട് പടങ്ങളാകും എന്നും ഭീഷണിപ്പെടുത്തിയാണ് ആ പോസ്റ്റ്‌. അതിനെതിരെ വ്യാപകമായി പ്രതിഷേധവുമുണ്ടായതിനെത്തുടര്‍ന്ന് പേജിന്‍റെ ഉടമസ്ഥര്‍ മാപ്പ് പറയുകയും, പേജ് തന്നെ ഡീലീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ന് നടി റിമ കല്ലിങ്കല്‍ ‘ലൂസര്‍സ് മീഡിയ’യുടെ പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള തന്‍റെ അഭിപ്രായം ഫേസ്ബുക്കില്‍ പങ്കു വച്ചു. നല്ല പുരുഷന്മാര്‍ ഇത്തരത്തില്‍ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കില്ല എന്ന് ‘നല്ലവനോടൊപ്പം’ എന്ന ഹാഷ് ടാഗ്ഗ് ചേര്‍ത്ത് റിമ എഴുതിയതിന് പിന്നാലെയാണ് ദിലീപ് ആരാധകരുടെ വിശദീകരണം.

 

ഫേസ്ബുക്കിൽ പതിനായിര കണക്കിന് പേജുകൾ ഉണ്ടെന്നും, അവയില്‍ ദിലീപിനെതിരെ വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്വം ഇപ്പോള്‍ ദിലീപിനെ കുറ്റം പറയുന്നവര്‍ ഏറ്റെടുക്കുമോ എന്നും ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. ദിലീപിനെ കുറ്റം പറയാൻ ഉള്ള വ്യഗ്രതയിൽ സാമാന്യ ബോധം ആർക്കും അടിയറവു വെക്കരുത് എന്നും അവര്‍ അഭ്യർത്ഥിച്ചു.

ദിലീപ് ഓണ്‍ലൈന്‍ എന്നത് ദിലീപിന്‍റെ ഔദ്യോഗിക പേജ് അല്ലെങ്കിലും ഏതാണ്ട് ഒരു ലക്ഷത്തിനു മേല്‍ ഫോളോവേര്‍സ് ഉള്ള, താരത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും മാത്രം പ്രചരിപ്പിക്കുന്ന ഫേസ് ബുക്ക്‌ പേജ് ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ