ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് ഭാരത് ബന്ദ് നടന്നത്. രാജ്യത്തുടനീളം സ്തംഭനം ഉണ്ടായ ബന്ദില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും പങ്കെടുത്തെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. പെട്രോള്‍ പമ്പില്‍ ധോണിയും ഭാര്യയും മറ്റ് സുഹൃത്തുക്കളും ഇരിക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു ഈ പ്രചരണം. എന്നാല്‍ ഇത് തെറ്റായ പ്രചരണം ആയിരുന്നെന്നാണ് ടൈംസ് നൗ വ്യക്തമാക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് ദിനംപ്രതി ഇന്ധനവില ഉയരുന്നതിനെതിരെ ആയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശരത് പവാര്‍, ശരദ് യാദവ് എന്നിങ്ങനെ നിരവധി രാഷ്ട്രീയ പ്രമുഖര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ഇതിനിടെയാണ് ധോണിയും പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന പ്രചരണം നടന്നത്. എന്നാല്‍ ധോണി ഈയടുത്ത് ഷിംലയിലെത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓഗസ്റ്റിലാണ് ധോണി ഭാര്യയോടൊപ്പം ഷിംലയില്‍ പോയത്. ഈ ചിത്രമാണ് ബന്ദിന് പങ്കെടുത്തെന്ന അടിക്കുറിപ്പുകളോടെ പ്രചരിച്ചത്. ‘ഞാന്‍ ഹെലികോപ്ടര്‍ ഷോട്ട് അടിക്കുന്നത് നിര്‍ത്തി, കാരണം 90 രൂപയ്ക്ക് പെട്രോള്‍ വാങ്ങാനുളള ശേഷി എനിക്കില്ല’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാജ്യവ്യാപകമായി ബന്ദ് നടന്നത്. ആദ്യം കോൺഗ്രസ് പാര്‍ട്ടിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ബന്ദ് നടന്നത്. ഇടത് പാർട്ടികളും തൊഴിലാളി യൂണിയനുകളും ബന്ദിനെ അനുകൂലിച്ചു.
ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത ബന്ദിന് മറ്റ് പ്രതിപക്ഷ കക്ഷികളെയും ആകർഷിക്കാൻ കഴിഞ്ഞു. രാജ്യത്താകമാനം ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് കേരളത്തിലെത്തുമ്പോൾ ഹർത്താലായി. എല്‍എഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഭാരത ബന്ദില്‍ നിന്നും ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യം ഉയർന്നെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഇത് തള്ളിക്കളഞ്ഞു.