ദാരാവിയിലെ ചേരിയില്‍ നിന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡായ ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റെ യുവതി കളക്ഷന്‍ വിഭാഗത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് 14 വയസുകാരിയായ മലീഷ ഖര്‍വ.
2020-ല്‍ ഒരു വീഡിയോ ഷൂട്ടിന് മുംബൈയിലെത്തിയ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാനാണ് ഖര്‍വയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഗോഫൗണ്ട്മി എന്നൊരു പേജും താരം തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായായിരുന്നു ഇത്. ഖര്‍വ ഇതിനോടകം മോഡലിങ് രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലത്തേയാണ് ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റേത്.
കഴിഞ്ഞ ഏപ്രിലില്‍ തന്റെ ചിത്രങ്ങളുള്ള ഒരു സ്റ്റോറിലെത്തിയ മലീഷയുടെ വീഡിയോ ഫോറസ്റ്റ് എസെന്‍ഷ്യല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മലീഷയുടെ കഥ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നായിരുന്നു വീഡിയോയ്ക്ക് നല്‍കിയിരുന്ന ക്യാപ്ഷന്‍.
വീഡിയോയ്ക്ക് നാല് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ വിജയകരമായ വളര്‍ച്ചയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചാണ് വീഡിയോയ്ക്ക് താഴ വന്നിരിക്കുന്ന കൂടുതല്‍ കമന്റുകളും.
മലീഷയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് മാത്രമല്ല യുവതി കളക്ഷനിലൂടെ ലക്ഷ്യമിടുന്നതെന്നും യുവ മനസുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതിന് കൂടിയാണെന്നും ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റെ സ്ഥാപകയായ മീര കുല്‍ക്കര്‍ണി വോഗിനോട് സംസാരിക്കവെ പറഞ്ഞു.