കരിയറിൽ മാതാപിതാക്കളുടെ പാത പിന്തുടർന്ന് അവരെ പോലെയാകാൻ ശ്രമിക്കുന്ന അനവധി പേർ നമുക്കു ചുറ്റുമുണ്ട്. ചിലർ അതേ കരിയറിൽ തന്നെയെത്തി മാതാപിതാക്കൾക്കു അഭിമാനമായി മാറുന്നു. അച്ഛനോ അമ്മയോ റിട്ടയറാകുന്നതിന്റെ അതേ ദിവസം ജോലിയിൽ പ്രവേശിക്കുന്ന മക്കളുടെ വാർത്തകൾ കേൾക്കാത്തവർ കുറവാണ്. അവർക്ക് അഭിമാനം തോന്നുന്ന കാര്യം വളരെ കൗതുകത്തോടെയാണ് മറ്റുള്ളവർ നോക്കി കാണുന്നത്.
ഇത്തരത്തിലുള്ള ഒരു കൗതുക കാഴ്ചയാണ് അങ്ങ് അസമിൽ നിന്നെത്തുന്നത്. അസം പൊലീസ് ഡിജിപിയായ ജിപി സിങ്ങിനു സല്യൂട്ട് നൽകുന്ന മകൾ ഐശ്വര്യയുടെ വീഡിയോയാണ് വൈറലാകുന്നത്.
“വാക്കുകൾ കിട്ടുന്നില്ല എന്റെ മകൾ ഐശ്വര്യ ഐപിഎസ് ന്റെ അടുത്തു നിന്ന് സല്യൂട്ട് സ്വീകരിച്ചു” എന്ന് വീഡിയോയ്ക്കു താഴെ ജിപി സിങ്ങ് കുറിച്ചു.സർദാർ വല്ലഭായ് പട്ടേൽ നാഷ്‌ണൽ പൊലീസ് ആക്കാദമിയിൽ നിന്ന് ഞായറാഴ്ചയാണ് ഐശ്വര്യ സർവീസിലേക്ക് ചുവടു വച്ചത്.
‘ഇതിനും വലിയ അഭിമാന നിമിഷങ്ങൾ കാണാൻ കഴിയില്ല’, ‘എത്ര സുന്ദരമായ നിമിഷം’ എന്നിവയാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. എന്തായാലും സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.