മുംബൈ: ദീപാവലിക്ക് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധി സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദങ്ങൾക്കാണ് വഴിവെച്ചത്. എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും കായികതാരങ്ങളുമെല്ലാം വിധിയെ അനുകൂലിച്ചും എതിർത്തും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുകയാണ്. ചില തര്‍ക്കങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും വഴിമാറുന്നുണ്ട്. പ്രമുഖ ഡിസൈനര്‍ മസാബ ഗുപ്തയാണ് ഇത്തരത്തിൽ കടുത്ത വ്യക്തി-വംശീയ അധിക്ഷേപത്തിന് ഇരയായ ഒരാൾ.

ബോളിവുഡ് താരം നീന ഗുപ്തയുടേയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സിന്റെയും മകളാണ് മസാബ. മസാബയുടെ പിതൃത്വത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ചിലര്‍ അധിക്ഷേപം ചൊരിഞ്ഞത്. ‘തന്തയില്ലാത്തവള്‍’ എന്നും ‘അവിഹിത വെസ്റ്റ് ഇന്ത്യന്‍’ എന്നുമൊക്കെയാണ് ചിലര്‍ ഇവരെ അധിക്ഷേപിച്ചത്. പടക്കവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിയെ മസാബ അനുകൂലിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. എന്നാല്‍ അതിലും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് മസാബ അവരുടെ വായടപ്പിച്ചിരിക്കുകയാണ്.

‘അതേ ഞാനൊരു അവിഹിത സന്തതിയാണ്. അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഏറ്റവും നിയമാനുസൃതമായ രണ്ട് വ്യക്തികളുടെ സൃഷ്ടിയാണ് ഞാന്‍. വ്യക്തിപരമായും തൊഴില്‍പരമായും നല്ല നിലയില്‍ എത്തിയ ആളാണ് ഞാന്‍. ഇതിലെല്ലാം ഞാന്‍ അഭിമാനിക്കുന്നു. പത്ത് വയസ് മുതല്‍ കേള്‍ക്കുന്ന അധിക്ഷേപങ്ങളാണിത്. ഇതിലൊന്നും താന്‍ തളരുകയോ തകരുകയോ ഇല്ല’ മസാബ ട്വീറ്റ് ചെയ്തു.

മസാബയുടെ ഈ ട്വീറ്റിന് മികച്ച പിന്തുണയാണ് ബോളിവുഡ് നല്‍കുന്നത്. ‘ഐ ലൗവ് യു മസാബ നീ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്’ എന്നാണ് മസാബ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സോനം കപൂര്‍ പറഞ്ഞത്. സുപ്രീം കോടതി വിധിയോട് പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും മസാബ പറഞ്ഞ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി എഴുത്തുകാരൻ ചേതന്‍ ഭഗതും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ