കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ വിവാഹം ലളിതമാക്കുകയും, മാറ്റിവയ്ക്കുകയുമൊക്കെ ചെയ്യുന്ന വാർത്ത ദിനംപ്രതി കേൾക്കുന്നുണ്ട്. എന്നാൽ മൂന്ന് തവണയും തിരക്കുകൊണ്ട് കല്യാണം മാറ്റിവയ്ക്കേണ്ടി വന്നാലോ! ഡെന്മാര്ക്ക് പ്രസിഡന്റ് മെറ്റി ഫെഡറിക്സൺന്റേയും കാമുകൻ ബോ ടെങ്ബെർഗിന്റേയും വിവാഹമാണ് മൂന്നാം തവണയും മാറ്റിവച്ചത്.
കോവിഡ് മൂലം നേരത്തെ രണ്ട് തവണ മെറ്റിയും ബോയും തമ്മിലുള്ള വിവാഹം മാറ്റിവച്ചിരുന്നു. എന്നാൽ ഇക്കുറി വിവാഹം മാറ്റിവയ്ക്കാൻ കാരണം യൂറോപ്യൻ യൂണിയൻ ഉച്ചകോടിയാണ്.
Read More: ബോയ്ഫ്രണ്ട് അർജുൻ കപൂറിന് ആശംസകൾ നേർന്ന് മലൈക അറോറ
ജൂലൈ 18നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ 17, 18 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം നേതാക്കൾ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്. കോവിഡ് -19 റിക്കവറി ഫണ്ടിനായുള്ള നിർദേശങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. 27 രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
“ഈ മനുഷ്യനെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ സ്വാഭാവികമായും അതത്ര എളുപ്പമല്ല. കാരണം ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ജൂലൈയിലെ ആ ശനിയാഴ്ച തന്നെ ബ്രസല്‍സില്‍ വച്ച് ഒരു കൗണ്‍സില്‍ യോഗത്തിനുള്ള ക്ഷണം വന്നു. പക്ഷേ എനിക്ക് എന്റെ ജോലി ചെയ്യണം. ഡെന്മാര്ക്കിന്റെ താത്പര്യങ്ങളെ സംരക്ഷിക്കണം. അതുകൊണ്ട് തന്നെ വിവാഹം വീണ്ടും നീട്ടിവയ്ക്കുകയാണ്. വൈകാതെ ഞങ്ങള്‍ക്ക് വിവാഹിതരാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോയോട് ‘യെസ്’ പറയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,” എന്ന് മെറ്റി ഫെഡറിക്സൺ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.
പുതിയ വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇരുവരും 2019ൽ വിവാഹിതരാകാൻ ആദ്യം നിശ്ചയിച്ചിരുന്നു. എന്നാൽ പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.