’50 ദിവസമാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. ഡിസംബര്‍ 30നകം നോട്ട് നിരോധനത്തിന്റെ ഗുണം കണ്ടില്ലെങ്കിലോ ഞാന്‍ ചെയ്തത് തെറ്റാണെന്ന് തോന്നിയാലോ നിങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാം. വേണമെങ്കില്‍ നിങ്ങള്‍ക്കെന്നെ ജീവനോടെ കത്തിക്കാം. നിങ്ങള്‍ വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്’, 2016 നവംബര്‍ 8ന് നോട്ട് നിരോധിച്ചതിന് ശേഷം നവംബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയില്‍ വച്ച് വൈകാരികമായി പറഞ്ഞതായിരുന്നു ഈ വാക്കുകള്‍. എന്നാല്‍ നോട്ട് നിരോധിച്ച് രണ്ട് വര്‍ഷം തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളാണ് ബിജെപി സര്‍ക്കാരിനേയും മോദിയേയും സംശയക്കൂട്ടില്‍ നിര്‍ത്തുന്നത്.

അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആർബിഐ വ്യക്തമാക്കിയത്. 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കി കൊണ്ടുളള പ്രഖ്യാപനം ഉണ്ടാകുന്ന സമയത്ത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയരംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുളളത്.

അസാധുവാക്കിയ അഞ്ഞൂറ്, ആയിരം രൂപകളുടെ  നോട്ടുകളുടെ (എസ്ബിഎൻഎസ്) പ്രോസസിങ്ങും വെരിഫിക്കേഷനും ആയിരുന്നു പ്രധാന വെല്ലുവിളി. അതിൽ ആർബിഐ വിജയിച്ചു. തിരിച്ചെത്തിയ നോട്ടുകൾ കറൻസി വെരിഫിക്കഷൻ ആന്റ് പ്രോസസിങ് സിസ്റ്റം (സിവിപിഎസ്) വഴി കൃത്യമായി പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തി. അതിനുശേഷം അവ നശിപ്പിച്ചുവെന്നും ആർബിഐ വ്യക്തമാക്കി.

നോട്ട് അസാധുവാക്കലിന് പണമിടപാടുകളിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. അതിനുശേഷം കൂടുതൽ പണം വിനിമയത്തിന് എത്തിച്ചു. 18 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിനിറക്കിയത്. 2 വർഷം കൊണ്ട് 37 ശതമാനത്തിന്റെ വർധനവയാണ് ഉണ്ടായിരിക്കുന്നത്. 500 ന്റെയും 2000ന്റെയും പുതിയ നോട്ടുകളാണ് ഇപ്പോൾ വിനിമയ രംഗത്തിന്റെ 80 ശതമാനമെന്നും ആർബിഐ വ്യക്തമാക്കുന്നു.

അസാധു നോട്ട് നിക്ഷേപം: ഒന്നാം സ്ഥാനം അമിത് ഷാ ഡയറക്‌ടറായ സഹകരണ ബാങ്കിന്

ആര്‍ബിഐയുടെ കണക്കുകള്‍ പുറത്തുവന്നതോടെ മോദിയുടെ അന്നത്തെ പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കി. ഇതിനൊപ്പമാണ് മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വാക്കുകളും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ അദ്ദേഹം എഴുതിയ ബ്ലോഗിലാണ് മോദിയുടെ ഉദ്ദേശ്യം ശുദ്ധമാണെന്ന് പ്രസ്താവിച്ചത്. ‘ഈ നോട്ട് നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ട് ഞാന്‍ അതിനെ ഈ രാജ്യാതിര്‍ത്തിയിലെ മരുഭൂമിയിലിരുന്ന് കൊണ്ട് സല്യൂട്ട് ചെയ്യുന്നു’, ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

മോഹന്‍ലാലിനെ കൂടാതെ മറ്റ് പലരും അന്ന് നോട്ട് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കള്ളപ്പണം പിടികൂടാനുളള സത്യസന്ധമായ ദൗത്യമാണ് ഇതെന്ന് പലരും അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വി.ടി.ബല്‍റാമും ഇതില്‍ ഒരാളായിരുന്നു. ‘500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തേയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയേയും അഭിനന്ദിക്കുന്നു. സാധാരണക്കാര്‍ക്ക് അടുത്ത കുറച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെന്നും പൊതുവില്‍ നോക്കുമ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരായ ശക്തമായ നടപടിയായി ഇത് മാറുമെന്ന് പ്രത്യാശിക്കുന്നു’, ഇതായിരുന്നു ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

നടി മഞ്ജു വാര്യരും അന്ന് നോട്ട് നിരോധനത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ‘ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നൽകിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കള്ളപ്പണത്തിന്റെ കറുപ്പ് പുരട്ടുന്നവർക്കും പുറത്തുനിന്ന് ഭാരതത്തിലേക്ക് കള്ളനോട്ടുകളിൽ ഭീകരവാദം കയറ്റിയയ്ക്കുന്നവർക്കുമെതിരായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെയാണ് അതിർത്തിയും കടന്ന് ഈ നടപടിയുടെ അലയൊലി പരക്കുന്നത്. സാമ്പത്തികസംവിധാനത്തെ തകർത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായ പോരാട്ടത്തിൽ നാം കൈകോർത്ത് നിൽക്കേണ്ട സമയമാണിത്’, മഞ്ജു പറഞ്ഞു.

ബിജെപി നേതാക്കളില്‍ കെ.സുരേന്ദ്രനും നോട്ട് നിരോധനത്തെ പിന്തുണച്ച് അന്ന് വെല്ലുവിളി നടത്തി. നോട്ട് നിരോധനത്തില്‍ 3 ലക്ഷം കോടി രൂപയുടെ കുറവ് തിരികെ എത്തുന്ന നോട്ടുകള്‍ക്ക് ഉണ്ടാകുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ‘ചുരുങ്ങിയത് മൂന്ന് ലക്ഷം കോടിയെങ്കിലും തിരിച്ചെത്തിയില്ലേൽ വിനു പറയുന്നത് അനുസരിക്കാം’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

നോട്ട് നിരോധന പ്രഖ്യാപനം നടന്ന് 21 മാസത്തിനുശേഷമാണ് തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യമായ കണക്ക് ആർബിഐ പുറത്തുവിടുന്നത്. ഇതിനു മുൻപ് പലതവണ ഇതു സംബന്ധിച്ച് ചോദ്യം ഉയർന്നിരുന്നുവെങ്കിലും നോട്ടുകൾ എണ്ണി തീർന്നിട്ടില്ല എന്ന മറുപടിയാണ് ആർബിഐ നൽകിയത്.

2016 നവംബർ എട്ടിന് രാത്രി എട്ടു മണിക്കാണ് 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുളള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കളളപ്പണത്തിനും അഴിമതിക്കും കളളനോട്ടിനും എതിരായ യുദ്ധം എന്നു വിശേഷിപ്പിച്ചാണ് അദ്ദേഹം നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയത്.

നോട്ട് നിരോധനം: വാക്കുകളും വസ്തുതകളും

500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെയും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. സാധാരണക്കാർക്ക് അടുത്ത കുറച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവിൽ നോക്കുമ്പോൾ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് തന്നെ പ്രത്യാശിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ