ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമത്തിനെതിരായ പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തിയിരുന്നു. ഇതിന് പിന്നാലെ നടിയുടെ സിനിമകൾ ബഹിഷ്കരിക്കാനായിരുന്നു ഒരു വിഭാഗം ബിജെപി-ആർഎസ്എസ് നേതാക്കളുടെയും അനുഭാവികളുടെയും തീരുമാനം. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഉൾപ്പടെ ദീപികയ്ക്കെതിരെയും താരത്തിന്റെ പുതിയ ചിത്രമായ ഛപാകിനെതിരെയും ഹാഷ്ടാഗ് പ്രചാരണവും നടക്കുന്നുണ്ട്.

ഛപാകിന്റെ ബുക്കിങ് ക്യാൻസൽ ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവച്ചാണ് പലരും ദീപികയ്ക്കെതിരായ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പലരും ട്വീറ്റ് ചെയ്തിരിക്കുന്നത് ഒരേ സ്ക്രീൻഷോട്ട്. ഒരേ തീയറ്ററിൽ ഒരേ സീറ്റിൽ ഇത്രയധികം ആളുകൾക്ക് ഒരേ സമയം എങ്ങനെ ടിക്കറ്റ് ലഭിച്ചുവെന്നതാണ് സമൂഹമാധ്യമങ്ങളിലെ നിലവിലെ പ്രധാന ചോദ്യം. വഡോദരയിലെ സീൻമാർക്കെന്ന തിയറ്ററിൽ ജനുവരി പത്തിന് ബുക്ക് ചെയ്ത മൂന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടാണ് താനും ക്യാൻസൽ ചെയ്തുവെന്ന രീതിയിൽ മിക്കവരും ഷെയർ ചെയ്തിരിക്കുന്നത്.

ദീപികയുടെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇത് മറ്റ് ബിജെപി – ആർഎസ്എസ് നേതാക്കളും അനുഭാവികളും ഏറ്റെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻ‌യു‌യു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ ചെലവഴിച്ചു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഛപാക്’. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. ചിത്രത്തിൽ​ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook