/indian-express-malayalam/media/media_files/uploads/2018/11/deepa-deepanishanth-_bignews.kerala-005.jpg)
കൊച്ചി: കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപ നിശാന്ത് കവിത മോഷണം നടത്തിയതായി ആരോപണം. യുവ കവിയായ എസ്.കലേഷിന്റെ കവിത കോപ്പിയടിച്ചുവെന്നാണ് ആരോപണം. ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ ദീപ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. കവിത അച്ചടിച്ച് വന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ ദീപയ്ക്കെതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നു.
2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
'2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതി തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട എ.ജെ.തോമസിന്റെ അഭിപ്രായ പ്രകാരം സി.എസ്.വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. എകെപിസിറ്റിഎയുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാനെന്നും കലേഷ് പോസ്റ്റിൽ പറയുന്നു.
അതേസമയം, ആരോപണങ്ങൾക്ക് മറുപടിയുമായി ദീപ രംഗത്തുവന്നിട്ടുണ്ട്. ''കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല,'' ദീപ ഫെയ്സ്ബുക്കിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.