scorecardresearch
Latest News

വളയത്തില്‍ വിസ്മയം തീര്‍ത്ത് ദീക്ഷിത; സ്വന്തമാക്കിയത് ഗിന്നസ് ഉള്‍പ്പടെ നിരവധി ലോകറെക്കോര്‍ഡുകള്‍

യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹൂല ഹൂപ്പിങ്ങിന്റെ ആദ്യ പാഠങ്ങള്‍ ദീക്ഷിത മനസിലാക്കിയത്

വളയത്തില്‍ വിസ്മയം തീര്‍ത്ത് ദീക്ഷിത; സ്വന്തമാക്കിയത് ഗിന്നസ് ഉള്‍പ്പടെ നിരവധി ലോകറെക്കോര്‍ഡുകള്‍

ഒരു വളയത്തിനിടയിലൂടെ അസാമാന്യ വഴക്കത്തോടെ വിസ്മയം തീര്‍ത്തിരിക്കുകയാണ് തിരുവനന്തപുരംകാരിയായ ദീക്ഷിത സുബ്രമണി. പതിനൊന്ന് വയസിനിടയില്‍ ഹൂല ഹൂപ്പില്‍ നിറഞ്ഞാടി ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനും ദീക്ഷിതയ്ക്കായിട്ടുണ്ട്.

ഈ വര്‍ഷം എപ്രിലില്‍ ഒറ്റക്കാലില്‍ നിന്ന് 207 തവണ ഹൂല ഹൂപ്പ് കറക്കിയാണ് ദീക്ഷിത ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2021 നവംബറില്‍ മുട്ടില്‍ ഏറ്റവും കൂടുതല്‍ തവണ ഹൂല ഹൂപ്പ് കറക്കിയെന്ന റെക്കോര്‍ഡും ദീക്ഷിത നേടിയിരുന്നു.

ജിംമ്നാസ്റ്റിക്സിനോട് പ്രിയമുള്ള ദീക്ഷിതയുടെ പേര് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ മാത്രമല്ല ഇടം നേടിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഫ്യൂച്ചര്‍ കലാംസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയിലും പതിനൊന്നുകാരിയുടെ പേരുണ്ട്.

യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹൂല ഹൂപ്പിങ്ങിന്റെ ആദ്യ പാഠങ്ങള്‍ ദീക്ഷിത മനസിലാക്കിയത്. പിന്നാലെ കോവിഡ് മഹാമാരിയെത്തിയെങ്കിലും ഹൂല ഹൂപ്പിങ് പഠിക്കാനുള്ള താത്പര്യം തുടര്‍ന്നു. ചെന്നൈ ഹൂപ്പേഴ്സിന്റെ വിജയലക്ഷ്മി ശരവണന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ ചേര്‍ന്നായിരുന്നു പിന്നീടങ്ങോട്ട് പഠനം.

രാവിലേയും വൈകുന്നേരവുമായി നാല് മണിക്കൂറിലധികം നേരമാണ് ദീക്ഷിത ഹൂല ഹൂപ്പിങ് പരിശീലിക്കുന്നത്. നാല് വളയങ്ങള്‍ ഒരേ സമയം നിയന്ത്രിക്കാനും കൊച്ചു മിടുക്കിയ്ക്കാവും. ഒരോന്ന് വീതം കൈകളിലും, മറ്റൊന്ന് കഴുത്തിലും കാലിലുമായാണ് നിയന്ത്രിക്കുന്നത്.

“ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്നത് വളരെ വിപുലമായ ഒരു പ്രക്രിയയായിരുന്നു. ആദ്യം, എന്റെ പരിശീലകയായ വിജയലക്ഷ്മിയും ഞാനും ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലഭ്യമായ വിവിധ റെക്കോർഡുകൾ പരിശോധിക്കുകയും എനിക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനുശേഷം, സമയപരിധി വച്ചായിരുന്നു പരിശീലനും. ഒരിക്കൽ ഞാൻ റെക്കോർഡിന് തൊട്ടെടുത്തെത്തി, പിന്നായാണ് റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമം നടത്തിയത്,” ദീക്ഷിത ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

“റെക്കോര്‍ഡ് നേടാനുള്ള ശ്രമങ്ങളില്‍ സമയം നോക്കാനും മറ്റുമായി ഒന്നിലധികം നിരീക്ഷരുണ്ടായിരുന്നു. വിവിധ വശങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഉപയോഗിച്ചായിരുന്നു വീഡിയോ ചിത്രീകരണം നടത്തിയത്. 30 സെക്കന്റിലും ഒരു മിനിറ്റിലുമൊക്കെ എത്ര തവണ വളയം കറക്കിയെന്നറിയുന്നതിനായി സ്ലൊ മോഷന്‍ വീഡിയോയും ഉപയോഗിച്ചു. പിന്നീടാണ് ഗിന്നസ് ടീം ഇത് പരിശോധിച്ചതും എന്റെ ശ്രമത്തിന് അംഗീകാരം നല്‍കിയതും,” ദീക്ഷിത കൂട്ടിച്ചേര്‍ത്തു.

ഭാവിയിലും കൂടുതല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്ന ലക്ഷ്യമാണ് കൊച്ചുമിടിക്കിക്കുള്ളത്. ഇന്ത്യയില്‍ ഇന്നും വലിയ തോതില്‍ പ്രചാരണം ലഭിക്കാത്ത ഒന്നാണ് ഹൂല ഹൂപ്പിങ്. ഒരുപക്ഷെ മാതാപിതാക്കളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ദീക്ഷിതയ്ക്ക് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിയില്ലായിരുന്നു. ജിംനാസ്റ്റിക്കിനെക്കുറിച്ച് കാര്യമായ അറിവില്ലാതിരിന്നിട്ടും പിന്തുണ നല്‍കാന്‍ അവര്‍ക്കായി.

“കേരളത്തിലെ കൊച്ചു ജില്ലയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് അവള്‍ക്ക് നല്ലൊരു പരിശീലകയെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടു. പലരോടും ഹൂല ഹൂപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. ദീക്ഷിതയുടെ താത്പര്യം മനസിലാക്കിയ ഞങ്ങള്‍ കഴിയുന്നപോലെയെല്ലാം പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ വലിപ്പത്തിലുമുള്ള വളയങ്ങള്‍ ഞങ്ങള്‍ അവള്‍ക്ക് മേടിച്ചു നല്‍കി. വിവിധ വലിപ്പത്തിലും ഭാരത്തിലുമുള്ള 18 വളയങ്ങള്‍ ഇന്ന് അവള്‍ക്കുണ്ട്. ഒരുനാള്‍ അവള്‍ ഓളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ,” ദീക്ഷിതയുടെ പിതാവ് സുബ്രമണി വി ഇന്ത്യന്‍ എക്സപ്രിസിനോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Deekshitha subramony the record breaking hula hooper from kerala