ന്യൂഡൽഹി: മനുഷ്യരുടെ ആഘോഷങ്ങൾ പലപ്പോഴും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ ജീവൻ കവരാറുണ്ട്. ഇത്തരത്തിൽ മനുഷ്യന്റെ ക്രൂരത മൂലം ജീവൻ നഷ്ടപ്പെട്ടൊരു തത്തയുടെ ചിത്രമാണ് നൊമ്പരക്കാഴ്ചയാവുന്നത്. മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി പറത്തിയ പട്ടമാണ് തത്തയുടെ ജീവൻ കവർന്നത്.

മനുഷ്യരുടെ ആഘോഷങ്ങൾ പക്ഷികളുടെ ജീവന് ഭീഷണിയാകുന്നത് എങ്ങനെയെന്ന് കാണിച്ചു തരികയാണ് ഈ ചിത്രം. പട്ടത്തിന്റെ നൂലിൽ കഴുത്ത് കുടുങ്ങി ചത്ത തത്തയുടെ ചിത്രം നൊമ്പരത്തോടൊപ്പം ഞെട്ടലും ഉളവാക്കുന്നതാണ്.

വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രാഫറായ ഭവിക് താക്കർ പകർത്തിയ ചിത്രം ബിഡിത ബാഗ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പട്ടം പറത്തൽ ഫെസ്റ്റിവലിലൂടെ നൂറുകണക്കിന് പക്ഷികൾക്ക് ചത്തൊടുങ്ങുന്നതായാണ് ബിഡിത ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും ഇത് നിർത്തൂവെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടം പറത്തൽ പക്ഷികളുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്നും ഇത് നിർത്തണമെന്നും ഇതിനു മുൻപും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ചിത്രം ആഘോഷങ്ങൾ പ്രകൃതിയിലെ മറ്റു ജീവനുകളെ ബാധിക്കാതെ നോക്കണമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook