scorecardresearch
Latest News

കയറില്‍ തൂങ്ങിയൊരു രക്ഷാപ്രർത്തനം, ദേഹത്ത് ചുറ്റി പാമ്പ്; തലയില്‍ കൈവച്ച് സോഷ്യല്‍ മീഡിയ

യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കയറില്‍ തൂങ്ങിയാണു യുവാവ് ഉപയോഗശൂന്യമായ കിണറില്‍നിന്നു പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്

snake rescue, viral video, snake rescue viral video, kerala snake rescue viral video, Thrissur snake rescue viral video, ie malayalam

പാമ്പുപിടിത്തത്തിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ വനംവകുപ്പ് പ്രോത്സാഹിപ്പിക്കുന്ന കാലമാണിത്. എന്നാല്‍, ഇതിനുവിപരീതമായി കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കയറില്‍ തൂങ്ങിയാണു യുവാവ് ഉപയോഗശൂന്യമായ കിണറില്‍നിന്നു പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. കയറില്‍ തൂങ്ങി ഇറങ്ങി വെള്ളത്തോളമെത്തുന്ന യുവാവ് വളരെ സമര്‍ഥമായി ബാലന്‍സ് ചെയ്യുന്നു. തുടര്‍ന്ന് ഒരു കൈ കൊണ്ട് കയറില്‍ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് പാമ്പിന്റെ കഴുത്തില്‍ പിടിത്തമിടുന്നു.

പിന്നാലെ, കയറില്‍ തൂങ്ങിക്കൊണ്ടു തന്നെ പാമ്പുമായി മുകളിലേക്കു കയറാനായി യുവാവിന്റെ ശ്രമം. കിണറിന്‍ കരയില്‍നില്‍ക്കുന്നവര്‍ യുവാവിനെ വലിച്ചുകയറ്റുന്നതിനിടെ പാമ്പ് പുളഞ്ഞ് യുവാവിന്റെ ദേഹത്ത് ചുറ്റുന്നത് വിഡിയോയില്‍ കാണാം.

കരയില്‍ എത്താനാവുന്നതോടെ കിണറിന്റെ പടവില്‍ ചവിട്ടിനിന്ന യുവാവില്‍നിന്ന് ഉച്ചത്തിലുള്ള ശബ്ദമുണ്ടാകുന്നതും കരയില്‍നിന്ന് ആരോ ‘കടിച്ചോ’ എന്ന് ചോദിക്കുന്നതും കേള്‍ക്കാം. ഇതിനിടെ യുവാവിനെ കരയിലേക്കു പിടിച്ചുകയറ്റാന്‍ ഒരാള്‍ ശ്രമിക്കുന്നു. എന്നാല്‍ പിടിവിട്ട് യുവാവ് പാമ്പിനൊപ്പം കിണറിലേക്കു പതിക്കുന്നതും വീഡിയോയില്‍ കാണാം.

കേരളത്തില്‍ എവിടെനിന്നുള്ളതാണ് ഈ വിഡിയോ എന്നത് വ്യക്തമല്ല. അതേസമയം, തൃശൂര്‍ ജില്ലയിലേതിനു സമാനമായ സംസാരശൈലിയാണു വീഡിയോയിലെ ശബ്ദത്തില്‍നിന്നു മനസിലാവുന്നത്.

ലക്ഷക്കണക്കിനു പേരാണ് ഈ വിഡിയോ കണ്ടത്. പലരും മണ്ടത്തരം എന്നും അപകടരമായ പ്രവൃത്തിയെന്നുമാണ് ഈ പാമ്പുപിടിത്തത്തെ കമന്റ് ബോക്‌സിൽ വിശേഷിപ്പിക്കുന്നത്. ചിലരാവട്ടെ, യുവാവിന്റേത് അപാര ധൈര്യമാണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, യുവാവ് വനപാലകനാണെന്നും ഇത്തരം കാര്യങ്ങളില്‍ പരിചയസമ്പന്നനാണെന്നുമാണ് ഒരാളുടെ കമന്റ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Daring rescue of snake from well viral video