മധ്യപ്രദേശില്‍ നിന്നുളള ഒരു പ്രൊഫസറുടെ ഡാന്‍സ് വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയത്. സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറായിരുന്നു ബോളിവുഡ് ഗാനത്തിനൊത്ത് നൃത്തം ചെയ്ത് ശ്രദ്ധേയനായത്. ഗോവിന്ദയുടെ ചുവടുകളെ അതേപടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാര്യയേയും വേദിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്.

വ്യാഴാഴ്‌ചയാണ് വീഡിയോ വൈറലായി മാറിയത്. ഒരു വിവാഹവേദിയില്‍ വച്ചായിരുന്നു ഡാന്‍സ്. ഭാര്യയ്ക്ക് മുമ്പില്‍ ഗംഭീരമായി നൃത്തം ചെയ്യുന്ന ഇദ്ദേഹത്തെ കരഘോഷത്തോടെയാണ് കാഴ്‌ചക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഗോവിന്ദ നായകനായ ‘ഗുദ്ഗര്‍സ്’ എന്ന ചിത്രത്തിലെ ‘ആപ്കെ ആ ജാനെ സെ’ എന്ന ഗാനത്തിനാണ് ഇദ്ദേഹം ചുവടുവയ്‌ക്കുന്നത്.

വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഗോവിന്ദ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ താന്‍ കണ്ടെന്നും തനിക്ക് ഏറെ ഇഷ്ടമായതായും ഗോവിന്ദ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു. പ്രൊഫസറോട് നന്ദി പറയുന്നതായും ഗോവിന്ദ കൂട്ടിച്ചേര്‍ത്തു. ‘മുംബൈയിലുളള ഒരാളാണ് വീഡിയോ അയച്ച് തന്നത്. എനിക്കത് ഇഷ്ടമായി. എന്റെ ഭാര്യ സുനിതയ്ക്കും ഞാനത് കാണിച്ച് കൊടുത്തു. അദ്ദേഹം കരുതിക്കൂട്ടിയല്ല ചുവടുകള്‍ വയ്‌ക്കുന്നത് എന്നതാണ് ആ ഡാന്‍സിന്റെ പ്രത്യേകത. ഒഴുക്കോടെയാണ് അദ്ദേഹം നൃത്തം ചെയ്യുന്നത്. എന്നെ അദ്ദേഹം അതേപടി അനുകരിച്ചതായി വീഡിയോയില്‍ കാണാനുണ്ട്. നമ്മളെ ഒരാള്‍ അനുകരിക്കുന്നത് കാണുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്’, ഗോവിന്ദ പറഞ്ഞു.

ശ്രീവാസ്തവയ്ക്ക് ഒരു സന്ദേശം കൂടി ഗോവിന്ദ കൈമാറി. ‘നൃത്തം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുന്ന നിങ്ങളുടെ രീതി എനിക്ക് വളരെ ഇഷ്ടമായി. ഇത്തരത്തില്‍ തന്നെ ആസ്വദിച്ച് മുന്നോട്ട് പോവുക. വേദിയില്‍ നിങ്ങളുടെ കൂടെ ഭാര്യ നൃത്തം ചെയ്യുന്നതും എനിക്കിഷ്ടമായി’, ഗോവിന്ദ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ