റാഫേല്‍ കരാറില്‍ പ്രതിരോധത്തിലായത് കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെങ്കിലും പണികിട്ടിയത് ടെന്നീസ് ഇതിഹാസം റാഫേൽ നദാലിനാണ് തോന്നുന്നത്. റാഫേലിന്റെ ഫെയ്സ്ബുക്ക് പേജിൽ കയറി ആക്രമണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ മോദിയെ ‘പുകഴ്‍ത്തിയും’ നദാലിനെ തെറിവിളിച്ചും ഓരോ പോസ്റ്റിന് താഴെയും കമന്റുകളുമായി നിറയുകയാണ് മലയാളി ഫെയ്സ്ബുക്ക് ഉപയോക്താക്കൾ.
സംഘപരിവാറിനെ ട്രോളി കൊണ്ട് കഴിഞ്ഞ ദിവസം ട്രോൾ പേജായ സഞ്ജീവിനി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ”റാഫേല്‍ കരാറിനെ പറ്റി പറയേണ്ടത് ഹോളണ്ട് പ്രസിഡന്റ് അല്ലെന്നും റാഫേല്‍ ഉടമസ്ഥനായ റാഫേല്‍ നദാല്‍ ആണെന്നുമായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെയാണ് റാഫേല്‍ നദാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികൾ ട്രോളുകളുമായി നിറഞ്ഞത്.
“പരം പൂജനീയ മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ ഇത് സംഘ ശാപമാണ് ഫലിച്ചിരിക്കും” എന്നാണ് ഒരു കമന്‍റ്. മോദിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരായ സർക്കാസമാണ് മിക്ക കമന്‍റുകളും.
ചില കമന്‍റുകള്‍
“പ്രിയ റാഫേൽ താങ്കൾ പുൽത്തകിടിയിലും കളിമൺ കോർട്ടിലും വിസ്മയം തീർത്ത് ഗ്രാൻസ്‌ലാം നേടിയത് കൊണ്ട് കാര്യമില്ല… തലയ്ക്കകത്ത് കളിമൺ ആകരുത്.. ഭാരതത്തിന്റെ പ്രിയ പുത്രൻ മോഡിജിയെ താങ്കളുടെ വിമാനത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ഒരിന്ത്യക്കാരനും കണ്ട് നിൽക്കാനാവില്ല… ഇപ്പോൾ തന്നെ വിമാനം തിരികെയെടുത്തിട്ട്.. സൈഡ് സീറ്റിൽ ഇരുന്നാൽ കാറ്റ് കൊള്ളാൻ കഴിയുന്ന വിമാനം തരിക… മോഡിജിയുടെ അഭിമാനം കാക്കുക…”
“നീ ഞങ്ങളുടെ മോദിജിയെ അപമാനിക്കും അല്ലേടാ.നീ ധൈര്യം ഉണ്ടേൽ ഇന്ത്യയിലോട്ട് വാടാ. നിന്നെ ഞങ്ങൾ സംഘപുത്രന്മാർ ശരിയാക്കി തരാം റാഫേലേ ഇത് ചെറിയ കളിയല്ല..”
“കെട്ടിയ പെണ്ണിനേയും കുടുംബത്തേയും ഒക്കെ ഉപേക്ഷിച്ച് 18 മണിക്കൂർ രാജ്യത്തിനായി ജോലിയെടുക്കുന്ന മോഡീജി കട്ടെങ്കിൽ അത് ഭാരതത്തിന്റെ വികസനത്തിനാകുമെന്ന് ഞങ്ങൾക്കറിയാം നീ പോടാ റാഫേലെ”
ഇങ്ങനെ നീളുന്നു നദാലിന്റെ പേജിലെ മലയാളത്തിലുള്ള തെറിവിളികൾ. എന്തായാലും മറ്റൊരു ഡിജിറ്റൽ ആക്രമണം ആഘോഷിക്കുകയാണ് മലയാളി ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ. അതേസമയം, ഈ കമന്‍റിടലിനെതിരെ എതിർപ്പുകളും ശക്തമാണ്. സർക്കാസമാണെങ്കിലും പരിധിയുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ആള്‍ക്കൂട്ട ആക്രമണ മനോഭാവത്തിന്‍റെ മറ്റൊരു ഉദാഹരണമായും സംഭവം വിലയിരുത്തപ്പെടുന്നുണ്ട്.