ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ സ്വാഗതം ചെയ്ത മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കെതിരെ മലയാളികളുടെ സൈബര്‍ ആക്രമണം. ഇന്നലെ വരെ സേതുപതിയെ സ്‌നേഹം കൊണ്ട് മൂടിയ മലയാളി ഇന്ന് അദ്ദേഹത്തെ അസഭ്യം ചൊരിയുകയാണ്. ശബരിമല തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ അഭിപ്രായം പറയാന്‍ സേതുപതിക്ക് അവകാശമില്ലെന്നാണ് അവര്‍ പറയുന്നത്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ തെറിവിളികളും ‘മര്യാദ പഠിപ്പിക്കലും’ വ്യാപകമാണ്.

ശബരിമല വിഷയത്തില്‍ അഭിപ്രായം പറയുന്നത് പോലെ എന്തുകൊണ്ട് സേതുപതി ജെല്ലിക്കെട്ട് വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ചിലര്‍ ചോദിക്കുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളുമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. അതേസമയം തന്നെ താരത്തെ പിന്തുണച്ചും തെറിവിളികള്‍ക്ക് മറുപടി നല്‍കി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും സേതുപതിയുടെ പേജിലെ കമന്റുകളില്‍ ചിലര്‍ തെറിവിളിക്കുന്നുണ്ട്.

ചില കമന്റുകള്‍ കാണാം





കേരള മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് കടുത്ത ആരാധനയാണെന്നും, ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഏതൊരു പ്രശ്നത്തേയും പക്വതയോടെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ് പിണറായിയെന്നും തങ്ങള്‍ ഒരുമിച്ച് വേദി പങ്കിട്ടപ്പോള്‍ തന്റെ വിമാനത്തിന്റെ സമയം 10 മണിയാണെന്ന് അറിഞ്ഞ പിണറായി വിജയന്‍ തന്നോട് ആദ്യം സംസാരിച്ചു കൊള്ളാന്‍ പറഞ്ഞുവെന്നും അത് അത്ഭുതപ്പെടുത്തിക്കളഞ്ഞെന്നും വിജയ് സേതുപതി പറയുന്നു. കേരളത്തിലെ പ്രളയത്തിന് പിന്നാലെ തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശിയപ്പോള്‍ 10 കോടി ധനസഹായം നല്‍കി കേരള സര്‍ക്കാര്‍ തങ്ങളെ സഹായിച്ചുവെന്നും ആ നന്ദി തനിക്ക് എന്നും ഉണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.

ശബരിമലയ വിഷയത്തിലും വിജയ് സേതുപതി തന്റെ നിലപാട് വ്യക്തമാക്കി.

‘ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി,’ വിജയ് സേതുപതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook