ലോകത്താകമാനം വലിയ ആഘാതമുണ്ടാക്കിയ കോവിഡ് കാലത്ത് രസകരമായ പല വാർത്തകളും നമ്മുടെ മുന്നിൽ വന്ന് പോയിട്ടുണ്ട്. അതിൽ ഒന്നായിരുന്നു കോവിഡിനെ പ്രതിരോധിക്കാൻ സ്വർണ മാസ്ക് ധരിച്ച മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയെക്കുറിച്ചുള്ളത്. സാമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ സംഭവത്തിന് ശേഷം രാജ്യത്ത് മറ്റൊരു സ്വർണ മാസ്ക്ധാരികൂടി വാർത്തകളിൽ നിറയുന്നു. ഒഡിഷയിൽ നിന്നുള്ള ബിസിനസുകാരനാണ് 3.5 ലക്ഷം രൂപ മുടക്കി സ്വർണ മാസ്ക് നിർമ്മിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുകയും മാസ്ക് നിർബന്ധമാക്കുകയും ചെയ്തതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അലോക് മോഹണ്ടി എത്തിയത്. പ്രദേശവാസികളുടെ ഇടയിൽ ഗോൾഡ് മാൻ എന്നറിയപ്പെടുന്ന അലോക് മെഹണ്ടി സ്വർണത്തോടുള്ള തന്റെ ഇഷ്ടം തന്നെയാണ് മാസ്കും സ്വർണത്തിൽ നിർമിക്കാൻ തീരുമനിച്ചതിന് കാരണമായി പറയുന്നത്. മുംബൈയിലെ ഒരാൾ സ്വർണ മാസ്ക് ധരിച്ചത് തന്നെയും സ്വാധീനിച്ചതെന്നും അലോക് വ്യക്തമാക്കുന്നു.
Odisha: A businessman in Cuttack says he got himself a mask made of gold worth Rs 3.5 lakh. He says, "People call me gold man because of my love for gold and I am wearing gold from past 40 years. After I saw a man in Mumbai making gold masks, I decided to get one for myself too." pic.twitter.com/dBmT3hdMtO
— ANI (@ANI) July 17, 2020
സ്വർണ്ണ നൂലുകൾ കൊണ്ട് അലങ്കരിച്ച എൻ -95 മാസ്ക് ആയതിനാൽ തന്റെ മാസ്ക് കോവിഡിനെ പ്രതിരോധിക്കാൻ പ്രാപ്തമാണെന്നും മൊഹണ്ടി അവകാശപ്പെടുന്നു. 90 മുതൽ 100 ഗ്രാം വരെ തൂക്കം വരുന്ന ഒന്നിലധികം സ്വർണ്ണ നൂലുകൾ തുണിയുടെ അടിത്തട്ടിൽ തുന്നിച്ചേർത്തതായി ബിസിനസുകാരൻ പറഞ്ഞു. ശ്വസിക്കാൻ രണ്ട് ദ്വാരങ്ങളുണ്ടെന്നും അതിനാൽ മറ്റ് പ്രയാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു.