ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഇല്ലെങ്കിലും ആരാധകര്‍ ധോണിക്ക് പിന്നാലെ തന്നെയുണ്ട്. കളിക്കളത്തിന് പുറത്തുള്ള ധോണിയുടെ ജീവിതവും ആരാധകര്‍ ആഘോഷമാക്കുകയാണ്. ധോണിയോളം തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് ധോണിയുടെ മകള്‍ സിവയും. അച്ഛനും മകളും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
ധോണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ധോണിയ്ക്ക് മകള്‍ സിവ ക്യാരറ്റ് വായില്‍ വച്ച് കൊടുക്കുന്നതും അനുസരണയുള്ള അച്ഛനായി ധോണി അത് കഴിക്കുന്നതുമാണ് വീഡിയോ. അച്ഛന്റേയും മകളുടേയും സുന്ദര നിമിഷം ആരാധകരേയും സന്തോഷിപ്പിക്കുകയാണ്. പ്രത്യേകിച്ചും കളിക്കളത്തില്‍ ധോണിയില്ലാത്തതിന്റെ ദുഖത്തിലുള്ള ആരാധകര്‍ക്ക് ഈ വീഡിയോ ചെറിയ ആശ്വാസമാണ്.
അതേസമയം ധോണിക്ക് പകരം ഇന്ത്യന്‍ ടീമിലെത്തിയ ഋഷഭ് പന്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ആദ്യ മത്സരത്തില്‍ അനാവശ്യ ഷോട്ടിലൂടെ പുറത്തായതും ഇന്നത്തെ കളിയില്‍ നിര്‍ണ്ണായകമായ ക്യാച്ചുകള്‍ വിട്ടു കളഞ്ഞതുമെല്ലാം പന്തിനെതിരെ വിമര്‍ശനം ഉയരാന്‍ ഇടവരുത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു. ലോകകപ്പോടെ ധോണി കരിയര്‍ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നീക്കം. ധോണിക്ക് പകരം ഋഷഭ് പന്തിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍ ആയും ഫിനിഷറായും വളര്‍ത്തി കൊണ്ടു വരാനാണ് ബിസിസിഐ നീക്കം.