വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ യാത്രാത്തുകയ്ക്കു പുറമെ പലതരം ഫീസുകള്‍ ഈടാക്കുന്നതായി അപൂര്‍വം പേര്‍ക്കു മാത്രമേ അറിയൂ. എന്നാല്‍, ‘ക്യൂട്ട് ചാര്‍ജ്’ എന്താണെന്നതിനെച്ചൊല്ലി തലപുകയ്ക്കുകയാണു നെറ്റിസണ്‍സ്. അടുത്തിടെയുള്ള ഒരു വൈറല്‍ ട്വീറ്റാണ് ഈ ചിന്ത ഉണര്‍ത്തിയിരിക്കുന്നത്.
ട്വിറ്റര്‍ ഉപയോക്താവായ ശന്തനു (@shantanub) ‘ക്യൂട്ട് ചാര്‍ജ്’ ഉള്‍പ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടതോടെയാണു ട്വിറ്ററില്‍ ചര്‍ച്ച മുറുകിയത്. ചിലര്‍ കാര്യമായി ക്യൂട്ട് ചാര്‍ജിനെക്കുറിച്ച് വിവരിച്ചപ്പോള്‍ മറ്റു പലരും തമാശയ്ക്കുള്ള അവസരമാക്കി.
യാത്രാക്കൂലിയ്ക്കും മറ്റു ഫീസുകള്‍ക്കുമൊപ്പം ‘ക്യൂട്ട് ചാര്‍ജ്’ 100 രൂപ എന്നെഴുതിയത് ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയാണു ശന്തനു ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചത്. ”പ്രായം കൂടുന്തോറും ഞാന്‍ കൂടുതല്‍ സുന്ദരനാകുന്നതായി എനിക്കറിയാം, പക്ഷേ ഒരിക്കലും കരുതിയിരുന്നില്ല അതിന് എന്നോട് പണം ഈടാക്കാന്‍ തുടങ്ങുമെന്ന്,”ഇന്‍ഡിഗോയെ ടാഗ് ചെയ്തുകൊണ്ട് ശന്തനു തമാശമായി കുറിച്ചു.
ആയിരക്കണക്കിനു ലൈക്കുകളോടെ ട്വീറ്റ് വൈറലായതോടെ, പലരും ക്യൂട്ട് ചാര്‍ജിനെക്കുറിച്ച് തമാശ കുറിച്ചു. എന്നാല്‍ ചിലരാവട്ടെ ‘കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്യുപ്മെന്റ് എന്നാണ് ‘ക്യൂട്ട്’ എന്നതു സൂചിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി.
”യാത്രക്കാരില്‍നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്യൂട്ട് ഫീസ് ഈടാക്കുന്നു. കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്യുപ്മെന്റ് (ക്യൂട്ട്) ഫീസില്‍ എയര്‍പോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്റ്റിങ് മെഷീനുകള്‍, എസ്‌കലേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനുള്ള ചാര്‍ജുകളും ഉള്‍പ്പെടുന്നു. ക്യൂട്ട് ഫീസ് ചിലപ്പോള്‍ പാസഞ്ചര്‍ ഹാന്‍ഡ്ലിങ് ഫീ എന്നും അറിയപ്പെടുന്നു,” ഒരാള്‍ എഴുതി.
ശന്തനുവിന്റെ ട്വീറ്റ് വൈറലായതോടെ വിമാന ടിക്കറ്റ് നിരക്കിനു പുറമേ അടയ്ക്കേണ്ട നിരവധി ഒളിഞ്ഞിരിക്കുന്ന ഫീസുകളെയും നികുതികളെയും കുറിച്ചുള്ള ചര്‍ച്ച ഉപഭോക്താക്കള്‍ക്കിടയില്‍ ആരംഭിച്ചിരിക്കുകയാണ്.
”യൂസര്‍ ഡവലപ്‌മെന്റ് ഫീസ് ?? ഇന്‍ഡിഗോ എന്ത് ഉപയോക്തൃ വികസനമാണ് ചെയ്യുന്നത്? എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫീസ് ?? എയര്‍പോര്‍ട്ടുകളില്‍ പോസ്റ്റ് ചെയ്യുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിലേക്ക് ഇന്‍ഡിഗോ സംഭാവന ചെയ്യുന്നുണ്ടോ? സീറ്റ് ഫീസ് ?? അല്ലാതെ ഇരുന്നില്ലെങ്കില്‍ യാത്രക്കാരന്‍ എങ്ങനെ പറക്കും?” വിവിധ അധിക ചാര്‍ജുകളെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഒരു ഉപയോക്താവ് ചോദ്യശരങ്ങളുയര്‍ത്തി.