ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഐപിഎൽ ഫൈനലിൽ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷന് അവസാനമായി. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന സമാപനച്ചടങ്ങിൽ സംഗീതസംവിധായകൻ എ.ആർ റഹ്മാൻ, ബോളിവുഡ് താരം രൺവീർ സിംഗ് തുടങ്ങി നിരവധിയവരുടെ പരിപാടികളോടും കൂടിയാണ് ഐപിഎൽ സീസണിന് തിരശീല വീണത്.
മത്സരം കാണാനായി സ്റ്റേഡിയത്തിൽ ഒത്തുകൂടിയ കാണികളെ ആവേശം കോളിച്ചുകൊണ്ട് “മാ തുജെ സലാം” ഉൾപ്പെടെയുള്ള ഗാനങ്ങളാണ് എ.ആർ റഹ്മാൻ പാടിയത്. റഹ്മാനൊപ്പം കാണികളും “വന്ദേമാതരം” ഏറ്റുപാടുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,00,000-ത്തിലധികം ആളുകൾ വന്ദേമാതരം ഗാനം ആലപിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പ്രചരിക്കുന്നത്. സ്‌റ്റേഡിയത്തിലെ കാണികൾ ഒറ്റക്കെട്ടായി ഗാനമാലപിക്കുന്നതാണ് വീഡിയോയിൽ. ദേശീയ പതാക വീശികൊണ്ടാണ് കാണികളിൽ പലരും ഏറ്റുപാടുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും റഹ്മാന്റെ ഗാനം പങ്കുവച്ചിരുന്നു.
രോമാഞ്ചം കൊള്ളിക്കുന്ന വീഡിയോ എന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ എ.ആർ റഹ്മാനൊപ്പം മോഹിത് ചൗഹാൻ, നീതി മോഹൻ, ബ്ലേസ്, ശിവമണി, സാഷാ ത്രിപാഠി, ശ്വേത മോഹൻ എന്നി ഗായകരും ഉണ്ടായിരുന്നു.
Also Read: ദുരൂഹതകൾ നിറഞ്ഞ ബർമൂഡ ട്രയാംഗിളിലേക്ക് വിനോദ യാത്ര; കപ്പൽ കാണാതായാൽ തുക മുഴുവൻ റീഫണ്ട്