വീടുകളിൽ സഹായികളായി ജോലി ചെയ്യുന്നവരെ രോഗാണു വാഹകരായി ചിത്രീകരിക്കുന്ന ഹോം അപ്ലൈയൻസസ് കമ്പനിയുടെ പരസ്യം വിവാദത്തിൽ. പ്രമുഖ കമ്പനിയുടെ റോട്ടി മേക്കറിന്റെ പരസ്യത്തിലാണ് ഗാർഹിക തൊഴിലാളികളുടെ കൈകൾ ശുചിത്വമില്ലാത്തവയായിരിക്കുമെന്നും രോഗാണു ബാധിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പരാമർശങ്ങളുള്ളത്.
“നിങ്ങൾ നിങ്ങളുടെ വീട്ടിലെ സഹായിയെ ചപ്പാത്തി മാവ് കുഴക്കാൻ അനുവദിക്കാറുണ്ടോ, അവരുടെ കൈകളിൽ അണുക്കളുണ്ടായേക്കാം, ആരോഗ്യത്തിലും ശുദ്ധിയിലും ഒത്തുതീർപ്പ് വേണ്ട” എന്നും തങ്ങളുടെ ആട്ട മേക്കർ വാങ്ങൂ എന്നും പരസ്യ വാചകങ്ങളിൽ പറയുന്നു. പരസ്യത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്.
The framing by Kent is most disappointing, on multiple levels 🙁 Can’t the house help wash her hands? Very badly articulated reason-to-buy. pic.twitter.com/WDCeC94i0h
— Karthik (@beastoftraal) May 26, 2020
ഈ പരസ്യത്തിൽ പറയുന്ന കാര്യങ്ങൾ തീർത്തു നിരാശാജനകമാണെന്ന് പറഞ്ഞ് പരസ്യത്തിന്റെ സ്ക്രീൻ ഷോട്ട് പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും ട്വീറ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ഇത്തരമൊരു പരസ്യത്തിൽ വീട്ടുജോലിക്കാരിയെത്തന്നെ ഉദാഹരണമാക്കിയത് എത്രയോ മോശം കാര്യമാണെന്നും ലൈസോളിന്റെ പരസ്യത്തിലേതുപോലെ തറയിൽ കളിക്കുന്ന കുട്ടിയുടേത് പോലുള്ള എത്രയോ ഉദാഹരണങ്ങളില്ലേയെന്നുമാണ് പരസ്യത്തെക്കുറിച്ചുള്ള കമന്റുകളിലൊന്ന്. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഇത്തരമൊരു പരസ്യം ഇവർക്കെങ്ങിനെ കൊടുക്കാൻ തോന്നിയെന്നും ചിലര്‍ ചോദിക്കുന്നു.
Read More: സ്മാർട്ട്ഫോൺ ഇല്ല; ഒന്നാം റാങ്കുകാരന്റെ പഠനം പ്രതിസന്ധിയിൽ
ഏത് ഏജൻസിയാണ് ഈ പരസ്യം തയ്യാറാക്കിയതെന്നും ഇതിന് അംഗീകാരം കിട്ടിയതാണ് ഏറെ ഞെട്ടിപ്പിക്കുന്നതെന്നുമാണ് മറ്റൊരു കമന്റ്. വീടുകളിലെ സഹായിമാർക്കെതിരായ അംഗീകരിക്കാനാവാത്ത മനോഭാവം പരസ്യങ്ങളിലേക്കെത്തുകയാണെന്നും കമ്പനിയോടും പരസ്യ ഏജൻസിയോടും പുഛം തോന്നുന്നുവെന്നുമാണ് മറ്റൊരു കമന്റ്. ഉപയോഗിക്കാനുള്ള എളുപ്പം, സമയലാഭം എന്നിങ്ങനെ എന്തെല്ലാം പറയാം, വീട്ടുടമയുടെ കൈയ്യും അഴുക്കുനിറഞ്ഞതാവില്ലേ എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്.
വീട്ടു സഹായികളെ വൃത്തിയില്ലാത്തവരായി കരുതുന്ന ഈ മൂന്നാം കിട ആളുകളിൽനിന്ന് ഒരു ഉൽപന്നവും വാങ്ങില്ലെന്ന് മാധ്യമപ്രവർത്തകനായ വീർ സാങ്വി പറഞ്ഞു. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കിൽ ഈ വിഷയത്തിൽ പരസ്യമായി മാപ്പ് പറയാൻ കമ്പനി തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Completely revolting. Remind me never to buy anything from these third rate people who think maids are dirty.
They should issue a public apology if they have any decency . https://t.co/1WaKGreHwg— vir sanghvi (@virsanghvi) May 26, 2020
ചിലപ്പോൾ ഇത് അവരുടെ ടാർഗറ്റ് ഓഡിയൻസിന്റെ ചിന്തകളുമായി ഒത്തുപോവുന്നതായിരിക്കുമെന്നും പെട്ടെന്ന് വരുമാനമുണ്ടാക്കാനാവും കമ്പനി ശ്രമിക്കുന്നതെന്നും മറ്റൊരാൾ ട്വീറ്റ് ചെയ്തു. ഒരു ഉൽപന്നം വിൽക്കാനുള്ള ഏറ്റവും തരം താണ മാർഗമാണിതെന്നുമാണ് മറ്റൊരു കമന്റ്. ഈ പരസ്യം നീക്കം ചെയ്യണണമെന്നും കമ്പനി മാപ്പ് പറയണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്.