പാമ്പിനെ നേരിട്ടെന്നല്ല സ്വപ്‌നത്തില്‍ കണ്ടാല്‍ പോലും പേടിയാണു മിക്കവര്‍ക്കും. അപ്പോള്‍ പിന്നെ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മുഖത്തെ ഭാവം?
മിക്കവരും ഭയന്നുമാറും. ഭയന്ന് ഒരടിപോലും നടക്കാന്‍ പോലും കഴിയാത്തവരും കുറവായിരിക്കില്ല. പലര്‍ക്കും പിന്നീട് ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയും ഓക്കാനവും വരും.
ഇവിടെ ഒരു വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണു പാമ്പിന്റെ തല കണ്ടത്. അപ്പോള്‍ പിന്നെ എത്രത്തോളം ഓടാന്‍ കഴിയുമെന്ന് ആലോചിച്ചുനോക്കൂ.
തുര്‍ക്കിയിലെ അങ്കാറയില്‍നിന്ന് കിഴക്കന്‍ ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതായി തുര്‍ക്കി-ജര്‍മന്‍ വമാനക്കമ്പനിയായ സണ്‍ എക്‌സ്‍പ്രസ് ക്രൂ അംഗമാണു വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണു സംഭവം നടന്നതെന്നു വണ്‍ മീല്‍ അറ്റ് എ ടൈം എന്ന ഏവിയേഷന്‍ ബ്ലോഗ് പറയുന്നു. പാമ്പിന്റെ ശരീരഭാഗം ഉള്‍പ്പെട്ട ഭക്ഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് സണ്‍എക്സ്പ്രസ് അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിതരണം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനടി സ്വീകരിച്ചതായും ബ്ലോഗ് പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്ന ആരോപണങ്ങള്‍ തീര്‍ത്തും അസ്വീകാര്യമാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അതേമയം, പാമ്പിന്റെ തല തങ്ങളുടെ അടുക്കളയില്‍നിന്നല്ല വന്നതെന്നാണു കാറ്ററിങ് കമ്പനിയായ സാന്‍കാക് ഇന്‍ഫ്‌ലൈറ്റ് സര്‍വീസസ് പറയുന്നത്. 280 ഡിഗ്രി സെല്‍ഷ്യസിലാണ് വിഭവങ്ങള്‍ പാകം ചെയ്യുന്നതെന്നും ഭക്ഷണത്തില്‍ ഉണ്ടായിരുന്നതായി ആരോപിക്കുന്ന പുറത്തുനിന്നുള്ള വസ്തുക്കളൊന്നും തങ്ങള്‍ പാചക സമയത്ത് ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടതായി ബ്ലോഗില്‍ പറയുന്നു.
വിമാനങ്ങളില്‍ മുന്‍പും പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍നിന്ന് തവൗവിലേക്കുള്ള എയര്‍ഏഷ്യ വിമാനത്തില്‍ പാമ്പിനെ കണ്ടിരുന്നു. തുടര്‍ന്ന് വിമാനം കുച്ചിങ്ങിലേക്കു തിരിച്ചുവിട്ടിരുന്നു.