കൊച്ചി: സിനിമാപ്രേമികള്‍ കാത്തിരുന്ന സിപിസി (സിനിമ പാരഡൈസോ ക്ലബ്) പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചിയില്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു.
മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന് പോയ വർഷത്തെ മികച്ച സിനിമയുടെ സംവിധായകനുള്ള പുരസ്കാരം ജയസൂര്യ സമ്മാനിച്ചു.

മികച്ച സംവിധായകനുള്ള. സംവിധായകനുൾപ്പെടെ ആകെ അഞ്ച് പുരസ്കാരങ്ങളാണ് മഹേഷിന്റെ പ്രതികാരം നേടിയത്. കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വിനായകന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ സമ്മാനിച്ചു.

മികച്ച നടിയായി സായി പല്ലവിക്കൊപ്പം പുരസ്കാരം പങ്കിട്ട രജിഷ വിജയന്‍ വേദിയില്‍ നിന്ന് വിതുമ്പി കൊണ്ടാണ് പുരസ്കാരം സ്വീകരിച്ചത്. തനിക്ക് ലഭിച്ചതില്‍ മൂല്യമുള്ളൊരു പുരസ്കാരമായി സിപിസി ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് രജിഷ പ്രതികരിച്ചു. ഇന്ദ്രൻസിന് ലൈഫ്ടൈം അച്ചീവ്മെന്റ് അംഗീകാരം സമ്മാനിച്ചു. അര്‍ഹിച്ച അംഗീകരമാണ് ഇന്ദ്രന്‍സിന് ലഭിച്ചതെന്ന് ആഷിഖ് അബു പ്രതികരിച്ചു.

മികച്ച സംവിധായകൻ ദിലീഷ് പോത്തൻ, കാമറ ഷൈജു ഖാലിദ്, തിരക്കഥാകൃത്തായ ശ്യാംപുഷ്കരൻ, സംഗീത സംവിധായകനായ ബിജിപാൽ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. സഹനടനുള്ള പുരസ്കാരം മണികണ്ഠൻ ആചാരി സ്വീകരിച്ചു. സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും പുരസ്കാരങ്ങള്‍ സ്വീകരിച്ചു.

ഓഡിയന്‍സ് പോളും ജൂറിയുടെ മാര്‍ക്കും പരിഗണിച്ചായിരുന്നു പുരസ്‌കാരം നിര്‍ണയം. ഓഡിയന്‍സ് പോളില്‍ ഓരോ വിഭാഗത്തിലും കൂടുതല്‍ വോട്ട് നേടിയ എന്‍ട്രികളെ വിശകലനം ചെയ്തത് മനീഷ് നാരായണന്‍, കൃഷ്ണേന്ദു കലേഷ്‌ ,മഹേഷ്‌ രവി,മരിയ റോസ് എന്നിവര്‍ നേതൃത്വംകൊടുത്ത പന്ത്രണ്ടംഗ ജൂറിയാണ്. ഓഡിയന്‍സ് പോളില്‍ ലഭിച്ച വോട്ടും ജൂറി നല്‍കുന്ന മാര്‍ക്കുമാണ് ഓരോ വിഭാഗത്തിലേയും അന്തിമഫലം നിര്‍ണയിച്ചത്.

 

ചാനലുകളും പ്രസിദ്ധീകരണങ്ങളും നല്‍കുന്ന പുരസ്കാരങ്ങള്‍ താരനിശയ്ക്ക് വേണ്ടിയുള്ള തട്ടിക്കൂട്ടാണെന്ന് ആരോപണം ഉയരുമ്പോള്‍ സിപിസി പോലെ സുതാര്യതും കൃത്യതയും ഉറപ്പുവരുത്തുന്ന പുരസ്കാരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ