കൊച്ചി: സിനിമാപ്രേമികള്‍ കാത്തിരുന്ന സിപിസി (സിനിമ പാരഡൈസോ ക്ലബ്) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പോയ വർഷത്തെ മികച്ച സിനിമയായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുൾപ്പെടെ ആകെ അഞ്ച് പുരസ്കാരങ്ങൾ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വിനായകനാണ് മികച്ച നടൻ.
ടെലിവിഷന്‍ അവാര്‍ഡുകള്‍ അടക്കമുള്ള മറ്റ് അവാര്‍ഡുകളില്‍ വിനായകന്‍ തഴയപ്പെട്ടപ്പോള്‍ വന്‍പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. അവാര്‍ഡ് പ്രഖ്യാപനം വന്നതോടെ നിരവധി പേരാണ് വിനായകനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അര്‍ഹതപ്പെട്ട അവാര്‍ഡാണ് വിനായകന് ലഭിച്ചതെന്ന് ആഷിഖ് അബു അടക്കമുള്ളവര്‍ പ്രതികരിച്ചു.
സംസ്ഥാന പുരസ്കാരം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ അര്‍ഹിച്ചവര്‍ക്കല്ല ജൂറി നല്‍കുന്നതെന്ന ആരോപണവും നവമാധ്യമങ്ങളില്‍ ശക്തമായി. സിപിസി പോലെയുള്ള പുരസ്കാരങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തിലെ സുതാര്യതയും കൃത്യതയും ഉറപ്പു വരുത്തുന്നത് കൊണ്ട് തന്നെ പ്രാധാന്യത്തോടെയാണ് ജനങ്ങളും പുരസ്കാരത്തെ കാണുന്നത്.
കലിയിലെ അഭിനയത്തിന് സായിപല്ലവിയും അനുരാഗകരിക്കിൻവെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയനും മികച്ച നായികാ പുരസ്കാരം പങ്കിട്ടു.
മികച്ച സംവിധായകൻ ദിലീഷ് പോത്തൻ, കാമറ ഷൈജു ഖാലിദ്, തിരക്കഥ ശ്യാംപുഷ്കരൻ, സംഗീത സംവിധാനം ബിജിപാൽ എന്നിവയാണ് മികച്ച സിനിമയായ മഹേഷിന്റെ പ്രതികാരം നേടിയത്. സഹനടൻ പുരസ്കാരത്തിന് മണികണ്ഠൻ ആചാരിയും സഹനടിയായി രോഹിണിയും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ദ്രൻസിന് ലൈഫ്ടൈം അച്ചീവ്മെന്റ് അംഗീകാരം നൽകും. ഓഡിയന്‍സ് പോളും ജൂറിയുടെ മാര്‍ക്കും പരിഗണിച്ചായിരുന്നു പുരസ്‌കാരം നിര്‍ണയം.
ഓഡിയന്‍സ് പോളില്‍ ഓരോ വിഭാഗത്തിലും കൂടുതല്‍ വോട്ട് നേടിയ എന്‍ട്രികളെ വിശകലനം ചെയ്തത് മനീഷ് നാരായണന്‍,കൃഷ്ണേന്ദു കലേഷ് ,മഹേഷ് രവി,മരിയ റോസ് എന്നിവര്‍ നേതൃത്വംകൊടുത്ത പന്ത്രണ്ടംഗ ജൂറിയാണ്.
ഓഡിയന്‍സ് പോളില്‍ ലഭിച്ച വോട്ടും ജൂറി നല്‍കുന്ന മാര്‍ക്കുമാണ് ഓരോ വിഭാഗത്തിലേയും അന്തിമഫലം നിര്‍ണയിച്ചത്. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി പുരസ്‌കാരങ്ങള്‍ പൊതുചടങ്ങില്‍ വെച്ചായിരിക്കും സമ്മാനിക്കുക.