കൊച്ചി: ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ പേരില്‍ വ്യാജ കൊറോണ വൈറസ് ശബ്ദ സന്ദേശം പ്രചരിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്താട് പറഞ്ഞു. വളരെ പ്രൊഫഷണലായി റെക്കോര്‍ഡ് ചെയ്തിരിക്കുന്ന സന്ദേശത്തില്‍ കൊറോണയ്ക്ക് വ്യാജ പ്രതിവിധികളും നിര്‍ദ്ദേശിക്കുന്നുണ്ട്. വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ മെഡിക്കല്‍ സാങ്കേതിക പദാവലികളും സ്‌ക്രിപ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍ദ്ദേശങ്ങളുമുണ്ട്. ദൈവം നമ്മളെയെല്ലാവരേയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടേയെന്നും വ്യാജ സന്ദേശക പറയുന്നുണ്ട്.
മന്ത്രിയുടെ ശബ്ദം സ്ഥിരമായി വാര്‍ത്താ മാധ്യമങ്ങളില്‍ കേള്‍ക്കുന്നവര്‍ക്ക് ഈ ശബ്ദ സന്ദേശം വ്യാജമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും സാധാരണക്കാരെ വളരെ എളുപ്പത്തില്‍ പറ്റിക്കാന്‍ പറ്റുന്നതരത്തിലാണ് സ്രഷ്ടാക്കള്‍ സന്ദേശം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
Read Also: എറണാകുളത്ത് മൂന്ന് വയസുകാരന് കൊറോണ; അതീവ ജാഗ്രതയിൽ സംസ്ഥാനം
ജനങ്ങള്‍ പതിവായി ഉപയോഗിക്കുന്നതും വ്യാജ വൈദ്യന്‍മാര്‍ സ്ഥിരം നിര്‍ദ്ദേശിക്കുന്നതുമായ വസ്തുക്കളാണ് ഇവരുടെ പ്രതിവിധിക്കൂട്ടുകള്‍.
ചൈന പ്രഭവ കേന്ദ്രമായ കോവിഡ് 19 വൈറസ് വ്യാപകമായി പടരാന്‍ മൂന്ന് കാരണങ്ങളാണുള്ളതെന്ന് വ്യാജ സന്ദേശത്തില്‍ പറയുന്നു. 1) ഈ കൊറോണ വൈറസിനോട് മനുഷ്യ വംശം ഒരിക്കലും എക്‌സ്‌പോസ്ഡ് ആയിട്ടില്ല. അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തില്‍ ഈ വൈറസിനെതിരെ സ്‌പെസിഫിക് ആന്റിബോഡിയില്ല, 2) ഈ രോഗത്തെ തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ്, വാക്‌സിനേഷന്‍ കണ്ടുപിടിച്ചിട്ടില്ല, 3) ഈ രോഗം വന്നുകഴിഞ്ഞാല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ആന്റി വൈറല്‍ മെഡിസിന്‍സും ഇല്ല. അതുകൊണ്ട് ഈ രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് വ്യാജ സന്ദേശക പറയുന്നു.
എന്നാലും ഈ രോഗത്തെ പ്രതിരോധിക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില ചെറിയ കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ വ്യാജ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നത്. ഏത് രോഗത്തിനുമെതിരെ നമ്മുടെ ശരീരത്തിന് ഒരു ജനറല്‍ ഇമ്മ്യൂണിറ്റിയുണ്ട്. അത് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നമ്മിലും കുടുംബക്കാരിലും അയല്‍ക്കാരിനും ജോലി സ്ഥലത്തുമൊക്കെ. ഓരോരുത്തരിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഹേര്‍ഡ് ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ അഥവാ ബൂസ്റ്റ് അപ്പ് ചെയ്യാന്‍ സാധിക്കുമെന്ന് വ്യാജ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിക്കുന്നു. ഇതിനുവേണ്ടി പ്രകൃതിയില്‍ സാധാരണ കാണുന്ന ചില സാധനങ്ങള്‍ റെഗുലറായി ഉപയോഗിച്ചാല്‍ മതി.
Read Also: ഇറ്റലിയിൽനിന്നാണ് വരുന്നതെന്ന വിവരം അറിയിച്ചിരുന്നു: പത്തനംതിട്ടയിലെ കൊറോണ വൈറസ് ബാധിതൻ
വ്യാജ മരുന്നിന്റെ ഘടകങ്ങളായി തേന്‍, ഇഞ്ചി, ആപ്പിള്‍, വെളുത്തുള്ളി നാരങ്ങാ നീര് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. നാരങ്ങാ നീരിലെ വൈറ്റമിന് വൈറസിനെ ചെറുക്കാന്‍ സാധിക്കുമെന്ന് ഇയാള്‍ പറയുന്നു.
തേന്‍, നാരങ്ങാ നീര്, ഇഞ്ചി നീര് എന്നിവ ചേര്‍ത്ത് സ്‌ക്വാഷ് ഉണ്ടാക്കി വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് ഇയാളുടെ കണ്ടെത്തല്‍.
മഞ്ഞള്‍ പൊടി പാലിലോ കാപ്പിയിലോ ചായയിലോ ചേര്‍ത്ത് കുടിക്കാമെന്നും വ്യാജ സന്ദേശം പറയുന്നു. മഞ്ഞളിന്റെ രോഗാണുനാശിനി സ്വഭാവത്തെയാണ് ഇയാള്‍ മുതലെടുക്കുന്നത്. വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാനും സന്ദേശത്തില്‍ പറയുന്നു. നട്ട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്. നിലക്കടല, കശുഅണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴമൊക്കെ നല്ലതാണ്.
കഴിക്കണമെന്നും നെല്ലിക്ക പച്ചക്ക് കടിച്ച് തിന്നാനും കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യാജ പ്രതിവിധിയായി പറയുന്നു. ആപ്പിള്‍ മുറിച്ച് 21 ദിവസം വെള്ളത്തിലിട്ട് പഞ്ചസാര ചേര്‍ത്ത് വിനിഗര്‍ ഉണ്ടാക്കി കുടിക്കാമെന്നും ഇയാള്‍ പറയുന്നുണ്ട്.
മേല്‍പ്പറഞ്ഞവയെല്ലാം നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇത് അല്‍പം കൂടി ശ്രദ്ധയോടെ ഉപയോഗിച്ച് നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാമെമെന്നും ഈ വ്യാജ സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം പ്രചരിപ്പിക്കാനും ആഹ്വാനമുണ്ട്.
വ്യാജവാര്‍ത്തയ്‌ക്കെതിരെ നടപടിയെന്ന് ഡിജിപി
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈ ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, എല്ലാ ജില്ലകളിലെയും സൈബർ സെല്ലുകൾ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.
കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.