പ്രണയം ചിലപ്പോഴൊക്കെ നൊമ്പരമായി മാറാറുണ്ട്. പ്രണയിനിയെ വിട്ടു പിരിയേണ്ടി വന്ന വേദനയിൽ ഒരു നാവികൻ അവൾക്കായി എഴുതിയ പ്രണയ ലേഖനമാണ് വായിക്കുന്നവരുടെ കണ്ണുകളെ നിറയ്ക്കുന്നത്. വർഷങ്ങൾക്കു മുൻപ് എഴുതിയ പ്രണയ ലേഖനം കുപ്പിക്കകത്താക്കി നാവികൻ കടലിൽ ഉപേക്ഷിക്കുകയായിരുന്നു. ഓസ്ട്രേലിയക്കാരായ ദമ്പതികളാണ് ഈ കുപ്പി കടലിൽനിന്നും കണ്ടെടുത്തത്.

ക്വീൻസ്‌ലാൻഡ് തീരത്ത് ഡാനിയലും ഭാര്യ കേറ്റ് ചലഞ്ചറും സെയിലിങ് നടത്തുമ്പോഴായിരുന്നു കടലിൽ ഒഴുകി പോകുന്ന കുപ്പി കണ്ടതെന്ന് ഷാങ്ഹായിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കുപ്പിയെടുത്ത് നോക്കിയപ്പോൾ അതിനുളളിലൊരു കുറിപ്പുണ്ടായിരുന്നു. ചൈനീസ് ഭാഷയിൽ എഴുതിയതായിരുന്നു കുറിപ്പ്.

കുറിപ്പ് എന്താണെന്ന് അറിയാനുളള കൗതുകത്താൽ ടൂർ കമ്പനി നടത്തുന്ന ഡാനിയേൽ കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിൽ കുറിപ്പിന്റെ വിവർത്തനം ആവശ്യപ്പെട്ട് പോസ്റ്റിട്ടു. ഡാനിയേലിന്റെ പോസ്റ്റ് പെട്ടെന്നാണ് വൈറലായത്. നിരവധി പേർ കുറിപ്പ് വിവർത്തനം ചെയ്ത് അയച്ചു.

ചൈനീസ് നാവികൻ അയാളുടെ പ്രതിശ്രുത വധുവിനു വേണ്ടി എഴുതിയതായിരുന്നു കുറിപ്പ്. വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ അവളെ തനിച്ചാക്കി ജോലിയിൽ പ്രവേശിക്കേണ്ടി വന്ന ഹൃദയ വേദനയിലാണ് നാവികൻ പ്രണയ ലേഖനം എഴുതിയത്.

”ഞാനൊരു നാവികനാണ്. ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നത്. ഞാനെന്റെ പ്രതിശ്രുത വധുവിനെ വളരെയധികം മിസ് ചെയ്യുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ഉടൻ അവളെ തനിച്ചാക്കി പോരേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ഹൃദയത്തിൽനിന്നുളള വാക്കുകൾ എഴുതി അതൊരു ബോട്ടിലിലാക്കി കടലിൽ ഒഴുക്കാൻ മാത്രമാണ് എനിക്കിപ്പോൾ കഴിയുക. എത്രയും പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തി ജിങ്ങിനൊപ്പം സന്തോഷകരവും സുന്ദരവുമായ ഒരു ജീവിതം നയിക്കുക മാത്രമാണ് എന്റെ ഒരേയൊരു മോഹം. ഈ കുപ്പി സമുദ്രത്തിലൂടെ ഒഴുകി നടക്കും. ഇത് എപ്പോഴെങ്കിലും കണ്ടെത്തുമെന്നോ അതിലെ കുറിപ്പ് ആരെങ്കിലും വായിക്കുമെന്നോ എനിക്ക് അറിയില്ല. എന്റെ മനസ്സിന്റെ സമാധാനത്തിന് വേണ്ടി മാത്രമാണ് ഞാനിത് ചെയ്യുന്നത്. ഐ ലവ് യൂ ജിങ്”, ഇതായിരുന്നു കുറിപ്പ്.

കുറിപ്പിലെ ഉളളടക്കം മനസ്സിലാക്കിയ ദമ്പതികൾക്ക് പിന്നെ നാവികനെയും അയാളുടെ പ്രതിശ്രുത വധുവിനെയും കുറിച്ച് അറിയാനായിരുന്നു തിടുക്കം. എന്നാൽ നാവികന്റെ പ്രണയ കഥയുടെ പര്യവസാനം സന്തോഷം നൽകുന്നതായിരുന്നില്ല.

കടലിൽനിന്നും കണ്ടെടുത്ത കുപ്പി

ദമ്പതികളുടെ കുറിപ്പ് വൈറലായതോടെ നാവികന്റെ ഒരു സുഹൃത്ത് ദമ്പതികളെ ഫോണിൽ വിളിച്ചതായി ബ്രിസ്ബെയ്ൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അയാൾ സ്നേഹിച്ച ആ പെൺകുട്ടി ഇപ്പോൾ തന്നോടൊപ്പം ഇല്ലെന്നാണ് നാവികൻ സുഹൃത്ത് മുഖേന ദമ്പതികളെ അറിയിച്ചത്. ”ആ പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു. അവൾ ആരെന്ന് ഇപ്പോൾ ലോകം അറിഞ്ഞാൽ അതവളുടെ കുടുംബ ജീവിതത്തെ ബാധിക്കും”, ഇതായിരുന്നു നാവികൻ സുഹൃത്ത് മുഖേന അറിയിച്ചതെന്ന് ചലഞ്ചർ പറഞ്ഞു.

”അയാൾ സ്നേഹമുളളൊരു മനുഷ്യനാണ്. ഈ ലോകത്തിൽ ഇതുപോലെ നല്ല മനസ്സുളള നിരവധി പുരുഷന്മാരുണ്ട്. ആദ്യം ഞാൻ ഈ കത്ത് വായിച്ചപ്പോൾ കരഞ്ഞുപോയി. ഇപ്പോഴും ഓരോ തവണ കത്ത് വായിക്കുമ്പോഴും ഞാൻ വികാരഭരിതയാവുന്നു”, ചലഞ്ചർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook