കോഴിക്കോട്: മഹാമാരിയായ വൈറസ് ലോകത്തുടനീളം വ്യാപിക്കുന്ന കാലത്ത് അതിനേക്കാള്‍ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ പടരുകയാണ് ഒരു കൊറോണപ്പാട്ട്. അതിമനോഹരമായ ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് നാട്ടിന്‍പുറത്തുകാരനായ പെയിന്റിങ് തൊഴിലാളിയാണ്.

ചൂട്ട് മോഹനന്‍ എന്നു പ്രിയപ്പെട്ടവര്‍ വിളിക്കുന്ന, കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ മോഹന്‍ദാസാണു ഗായകന്‍. രാഷ്ട്രീയനേതാക്കളും എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ 15,000 പേരാണു മോഹനന്റെ പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.

ലോക്ക് ഡൗണ്‍ ആയതിനാല്‍ പണിക്കുപോകാന്‍ കഴിയാതെ വീട്ടിലിരുന്നപ്പോള്‍ മനസിലുടക്കിയ വരികളാണു പാട്ടായതെന്ന് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മോഹന്‍ദാസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”ഒളിഞ്ഞിരിക്കുന്ന ശത്രു ലോകം മുഴുവന്‍ കീഴടക്കുമ്പോള്‍ പണവും പ്രതാപവും അധികാരവും ഒന്നുമല്ലാകുന്നുവെന്ന ചിന്തയില്‍നിന്നാണു പാട്ടുണ്ടായത്. ഒന്നു രണ്ട് സുഹൃത്തുക്കളെ പാടിക്കേള്‍പ്പിച്ചു. അവര്‍ നിര്‍ബന്ധിച്ചതോടെയാണു ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്,”മോഹന്‍ദാസ് പറഞ്ഞു. റിയാലി ഷോ വിജയിയും ഗായകനുമായ അജയ് ജിഷ്ണുവാണു പാട്ട് ഷൂട്ട് ചെയ്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Also Read: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 21 പേർക്ക്; ഇടുക്കിയിൽ അഞ്ച് കേസുകൾ

”ചൂട്ട് മോഹനേട്ടന്റെ പാട്ടാണ്. മോഹനേട്ടനെ അറിയാത്തോരോട്, പാട്ടുകളും കഥകളും തമാശകളും പാചകവുമൊക്കെയായി പരിചയപ്പെടുന്ന മനുഷ്യന്മാരുടെ മുഴുവന്‍ മനസില് കേറി താമസിക്കുന്ന ഒരഡാറ് മൊതലാണ്. കൊറോണക്കാലത്ത് മൂപ്പര് തന്നെ എഴുതി ഈണം കൊടുത്ത ഒരു നല്ല പാട്ട്, ” എന്ന കുറിപ്പോടെയാണു മോഹന്‍ദാസിന്റെ അയല്‍വാസിയും കുടുംബസുഹൃത്തായ അജയ് ജിഷ്ണു പാട്ട് പോസ്റ്റ് ചെയ്തതത്. പാട്ട് ചിട്ടപ്പെടുത്തുന്നതില്‍ ജിഷ്ണുവിന്റെ സഹായമുണ്ടെന്നു മോഹന്‍ദാസ് പറഞ്ഞു.

പാട്ടെഴുത്തുകാരന്‍ മാത്രമല്ല, മികച്ച ഗായകന്‍ കൂടിയാണു മോഹന്‍ദാസ്. സംഗീതസംവിധായകന്‍ പ്രേം കുമാര്‍ വടകരയുടെ ഗാനമേള ട്രൂപ്പിലെ ഗായകനാണ്. ‘പറന്നുപറന്നു ചെന്നെത്താന്‍ പറ്റാത്ത കാടുകളില്‍…’ ആണ് ഇഷ്ടഗാനം. രണ്ടുവര്‍ഷം മുന്‍പ് മോഹന്‍ദാസ് ആലപിച്ച ഗാനം ഫെയ്‌സ് ബുക്കില്‍ നാല് ലക്ഷത്തോളം പേര്‍ കണ്ടിരുന്നു.

നാടകാഭിനയം, വായന, പാചകം എന്നിങ്ങനെ ഈ നാട്ടിന്‍പുറത്തുകാരന്‍ കൈവയ്ക്കാത്ത മേഖലകളില്ല. കല്‍പ്പത്തൂര്‍ ചോയി സ്മാരക യൂത്ത് ക്ലബ്ബിന്റെ തെരുവുനാടക സംഘത്തിലെ പ്രധാന അഭിനേതാവായ മോഹന്‍ദാസ് ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

സാക്ഷരതാ മിഷന്‍ നടത്തിയ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ ഒന്നാം ക്ലാസോടെ പാസായ മോഹന്‍ദാസ് തുടര്‍പഠനത്തിനുള്ള ശ്രമത്തിലാണ്. പേരാമ്പ്രയ്ക്കടുത്ത രാമല്ലൂര്‍ സ്വദേശിയായ മോഹന്‍ദാസ് സമീപപ്രദേശമായ ചെറുവണ്ണൂര്‍ കക്കറമുക്കിലെ പണിതീരാത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യ: ശോഭ. മകള്‍: കൃഷ്‌ണേന്ദു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook