കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ അടച്ചിടലിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിവറജേസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപത്തിയൊന്നു ദിവസത്തേക്ക് എല്ലാ മദ്യവില്‍പ്പനശാലകളും ബാറുകളും ക്ലബ്ബുകളും പൂട്ടാനാണ്‌ ഇന്ന് ചേര്‍ന്ന  മന്ത്രിസഭ തീരുമാനിച്ചത്.

അതേസമയം ഓണ്‍ലൈന്‍ മദ്യവില്‍പ്പന സാധ്യമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. മദ്യത്തിന്‍റെ ലഭ്യത പെട്ടെന്ന് നിറുത്തിയാല്‍ വ്യാജ മദ്യം വില്കാനുള്ള സാധ്യതയും മറ്റ് സാമൂഹിക പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് ഓണ്‍ലൈന്‍  മദ്യവില്‍പ്പനയെപറ്റി ആലോചിക്കുന്നത്.

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതിയില്‍ ഒരാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി കോടതി തള്ളുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

Read Also: കോവിഡ്-19 ചികിത്സ: മലേറിയയുടെ മരുന്നിന്റെ കയറ്റുമതി നിരോധിച്ചു

കോവിഡ്-19 കേരളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിനുശേഷം ക്രമമായി രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും എണ്ണം വര്‍ദ്ധിച്ചുവന്നു. ഈ സാഹചര്യത്തില്‍ മദ്യ വിപണന കേന്ദ്രങ്ങളും അടയ്ക്കണമെന്ന ആവശ്യം സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പൂട്ടണമെന്നും പൂട്ടേണ്ടതില്ലെന്നും വാദമുയര്‍ന്നു. കോവിഡ്-19 ബാധയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം ആശ്വാസമാകുമെന്നായിരുന്നു വാദം. സര്‍ക്കാരാകട്ടേ, മദ്യത്തെ അവശ്യ സാധനമായി കരുതി വില്‍പന തുടരുകയും ചെയ്തു.

സംസ്ഥാനത്ത് ചില്ലറ വ്യാപാര രംഗത്ത് കുത്തകയുള്ള ബെവ്‌കോയ്ക്ക് 330 ഔട്ട്‌ലെറ്റുകളാണുള്ളത്. ഈ ഔട്ട്‌ലെറ്റുകളിലൂടെ 2018-19-ല്‍ ബെവ്‌കോയ്ക്ക് 14,504 കോടി രൂപയുടെ വ്യാപാരം നടന്നു. മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. എക്‌സൈസ് നികുതിയും വില്‍പന നികുതിയും അടക്കം സര്‍ക്കാരിന് 11,000 കോടി രൂപ ലഭിക്കുകയും ചെയ്തു. കൂടാതെ, കണ്‍സ്യൂമര്‍ഫെഡ് 36 വിദേശ മദ്യ വ്യാപാര കേന്ദ്രങ്ങളും മൂന്ന് ബിയര്‍ കടകളും നടത്തുന്നുണ്ട്. 3500-ല്‍ പകരം കള്ളുഷാപ്പുകളും കേരളത്തിലുണ്ട്.

Read Also: ഭക്ഷണമുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പുവരുത്താൻ സർക്കാർ സജ്ജമാണോ?

എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ ബാലപാഠങ്ങള്‍ മറക്കുമെന്നും രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ വാദിച്ചിരുന്നു. പ്രതിപക്ഷവും ഈ ആവശ്യം ഉയര്‍ത്തുകയും ചില സംഘടനകള്‍ സമരം നടത്തുകയും ചെയ്തു.

മദ്യപിക്കുന്നവര്‍ അത് ലഭിക്കാതെ വരുമ്പോള്‍ പിന്‍വാങ്ങല്‍ സിന്‍ഡ്രോം കാണിക്കുമെന്നും അത് ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മറുവാദവും ഉയര്‍ന്നിരുന്നു. ഒറ്റയടിക്ക് മദ്യവില്‍പന നിര്‍ത്തിയാല്‍ അത് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുകയും ചെയ്തു. ബാറുകളിലും ഔട്ട്‌ലെറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

പക്ഷേ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം, ഓണ്‍ലൈന്‍ മദ്യ വില്‍പന ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും പിഴയും മദ്യവിരുദ്ധരില്‍ നിന്ന് പഴിയും കേട്ടയാള്‍ ഇപ്പോള്‍ ആരായി എന്നാണ്. സംസ്ഥാനത്തെ മദ്യപാനികള്‍ ഷെയറിട്ട് അയാള്‍ക്ക് 50,000 രൂപ സംഘടിപ്പിച്ച് കൊടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Read Also: ‘ജീവനാണ് പ്രധാനം’; ടോക്കിയോ ഒളിമ്പിക്സ് മാറ്റിവച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് കായിക താരങ്ങൾ

ആലുവ സ്വദേശി ജി ജ്യോതിഷാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ഹര്‍ജി തള്ളിയ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയം എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിയുമായി ജ്യോതിഷ് കോടതിയെ സമീപിച്ചത്. ദിവസം മൂന്ന് മുതല്‍ നാല് ലക്ഷംവരെ ഉപഭോക്താക്കാള്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട് ലെറ്റുകളില്‍ എത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഹര്‍ജിക്കാര്‍ പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം എന്താണെന്ന് പോലും മനസ്സിലാക്കുന്നില്ലെന്നു ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ്‌ നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അപ്പീല്‍ കൊടുക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ കോടതിയെ പിന്തുണച്ചും കമന്റുകളുണ്ട്.

Read Also: കൊറോണ നീണ്ടുനില്‍ക്കും, ഒരുപാട് കാലം പൂട്ടിയിടല്‍ നടക്കില്ല: വിദഗ്ദാഭിപ്രായം ഇങ്ങനെ

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളിന്റെ പ്രായം എങ്ങനെ അറിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. നിയമപരമായുള്ള ഐഡി കാര്‍ഡുള്ളവര്‍ക്ക് അത് പരിശോധിച്ച് മദ്യം നല്‍കണമെന്ന് മറുവാദം ഉയരുന്നു. ഓണ്‍ലൈന്‍ മദ്യ വില്‍പന സ്റ്റാര്‍ട്ട് അപ്പുകളുടെ സാധ്യതയും ചിലര്‍ മുന്നോട്ടുവയ്ക്കുന്നു. കുടിയന്‍മാര്‍ക്ക് ഒരു ഓണ്‍ലൈന്‍ പര്‍ച്ചേസ് ട്രെയിനിംഗ് പരീക്ഷിക്കാമെന്ന് മറ്റൊരു കമന്റ്.

ഓണ്‍ലൈന്‍ ആക്കുന്നതു കൊണ്ടുള്ള ഒരു ഗുണമായി സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കുന്നത് ഉപഭോഗം, ഉപഭോക്താവിന്റെ വയസ്, സ്ഥലം, വരുമാനം തുടങ്ങിയ വിവരങ്ങള്‍ എല്ലാം കൃത്യമായി ശേഖരിക്കപ്പെടുമെന്നതാണ്.

ഓണ്‍ലൈന്‍ പേയ്‌മെന്റ് ആകുമ്പോള്‍ ഇതെല്ലാം ബാങ്കുകളുടെ ഡാറ്റാ ശേഖരത്തിലേക്ക് എത്തും. ഇപ്പോഴത്തെ വില്‍പനയില്‍ ആര്, എവിടെ നിന്ന് വാങ്ങുന്നു തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല എന്നുള്ളതാണ്. ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ അമിത മദ്യപാനികളെ കണ്ടുപിടിക്കാനും അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും സാധിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നു.

പ്രമുഖ സാമൂഹ്യ നിരീക്ഷകനായ സി ആര്‍ നീലകണ്ഠന്‍ മദ്യശാലകള്‍ അടച്ചിടണമെന്ന അഭിപ്രായക്കാരനാണെങ്കിലും മദ്യം കിട്ടാതെ വന്നാല്‍ വ്യാജമദ്യ ദുരന്തം ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook