കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് പുറത്തിറക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വെെറലാകുന്നു. കേരളത്തിന്റെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞുള്ള വീഡിയോ മിനിറ്റുകൾക്കകം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി. മമ്മൂട്ടിയുടെ മാന്ത്രികശബ്‌ദമാണ് വീഡിയോയെ ജനകീയമാക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി പ്രയത്‌നിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയുള്ള വീഡിയോയിൽ നാം പുലർത്തേണ്ട ജാഗ്രതയെ കുറിച്ചും വിവരിക്കുന്നു. സുഷിൻ ശ്യാം ആണ് വീഡിയോയ്‌ക്ക് സംഗീതം നൽകിയിരിക്കുന്നത്.
“കേരളത്തിന്റെ ആരോഗ്യസംവിധാനം സുസജ്ജമാണ്. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്,” മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ആയിരം കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ, ഒരു ലക്ഷത്തി അറുപതിനായിരത്തോളം ആശുപത്രി ബെഡുകൾ, മൂന്ന് ലക്ഷത്തിൽ പരം സന്നദ്ധ സംഘടനകൾ തുടങ്ങി കേരളം നടപ്പിലാക്കിയ കമ്യൂണിറ്റി കിച്ചൺ പദ്ധതിയടക്കമുള്ള കാര്യങ്ങൾ വീഡിയോയിൽ പരാമർശിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് മലയാള സിനിമാ ലോകവും സർക്കാർ സംവിധാനങ്ങൾക്കൊപ്പം അണിചേരുകയാണ്. രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച സമയത്ത് ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. കൊറോണ പ്രതിരോധത്തിൽ സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യം മുതൽ തന്നെ മമ്മൂട്ടിയും രംഗത്തുണ്ട്. എല്ലാവരും നിയമങ്ങൾ പാലിച്ച് വീട്ടിലിരിക്കണമെന്ന് ആളുകളോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.
Read Also: അമ്മയുടെ സാരിയിൽ അതിസുന്ദരിയായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ
“വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.” മമ്മൂട്ടി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 50 ലക്ഷം രൂപ നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹൻലാൽ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.