ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടമായി പുറത്തിറങ്ങുന്നവരെ പിടിക്കാൻ പതിനെട്ടാമത്തെ അടവും പയറ്റുകയാണ് കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ പൂട്ടാൻ ഇപ്പോൾ ഡ്രോണുകളാണ് പൊലീസ് ഉപയോഗിക്കുന്നത്.

പൊലീസിൽ നിന്ന് രക്ഷപ്പെട്ട് പാടത്ത് കളിക്കുന്നവരേയും മീൻ പിടിക്കുന്നവരേയും തുടങ്ങി നിയമലംഘനം നടത്തുന്ന എല്ലാവരേയും പൂട്ടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. എന്നാൽ, ഡ്രോൺ കാണുമ്പോഴേക്കും നിയമലംഘകരെല്ലാം ഓടിരക്ഷപ്പെട്ടാലോ? അങ്ങനെയൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഡ്രോൺ ചരിതം രണ്ടാം ഭാഗം കണ്ട് പലരും അതിശയിച്ചു.

Read Also: കോവിഡ്-19: സാനിറ്റൈസർ ടണലുകൾ അശാസ്ത്രീയം; അത്തരം കാര്യങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി

ഡ്രോൺ കണ്ണിൽ നിന്നു രക്ഷപ്പെടാൻ പലരും ഓടുന്നത് കണ്ടാൽ ഉസെെൻ ബോൾട്ട് പോലും തോറ്റുപോകും. ശരവേഗത്തിലാണ് പലരുടേയും ഓട്ടം. ഇതെല്ലാം ചേർത്തുവച്ച് ഒരു ട്രോൾ വീഡിയോ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.

അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധി പേരാണ് ദിവസവും പുറത്തിറങ്ങുന്നത്. വലിയൊരു വിഭാഗം ആളുകൾ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോൾ ചെറിയ ഒരു വിഭാഗം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നുമാത്രം 2431 പേർക്കെതിരെ കേസെടുത്തു. 2236 പേരെ പൊലീസ് വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തു. 1634 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

“ഈസ്റ്റര്‍ ആയതിനാൽ ആരും നിയന്ത്രണങ്ങൾ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം. കെെവിട്ടുപോയാൽ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook