കൊറോണ വൈറസ് ബാധിച്ചവരെയും രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെയും ക്വാറന്റൈന്‍ ചെയ്യുന്നതാണു രോഗം പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുമ്പോള്‍ വൈറസ് ബാധയുണ്ടായേക്കാമെന്നു സംശയമുള്ളവരെ വീട്ടുനിരീക്ഷണത്തില്‍ വിടുകയാണു ലോകമെമ്പാടും ചെയ്യുന്നത്. 14 ദിവസമാണു ക്വാറന്റൈന്‍ കാലാവധി.

എന്നാല്‍ ക്വാറന്റൈനില്‍നിന്നു ചിലര്‍ മുങ്ങുന്നതും അവര്‍ മറ്റുള്ളവരിലേക്കു രോഗം പരത്തുന്നതുമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അത്തരക്കാരെ ‘വീട്ടിലിരുത്താന്‍’എന്താണു മാര്‍ഗം? ഈ തല പുകയ്ക്കുന്ന ചോദ്യത്തിനു നിസാരമായി ഉത്തരം കണ്ടെത്തിയിരിക്കുകയാണ് അഡല്‍റ്റ് കണ്ടന്റ് സൈറ്റായ ‘പോണ്‍ഹബ്.’ ക്വാറന്റൈനില്‍നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ഇറ്റലിക്കാര്‍ക്കു ഗംഭീര ഓഫറാണു സൈറ്റ് മുന്നോട്ടുവച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്കു പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ കമ്പനി തീര്‍ത്തും സൗജന്യമായി നല്‍കും. മാര്‍ച്ച് മുഴുവന്‍ ആനുകൂല്യം ലഭിക്കും.

Read Also: ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചു; അമേരിക്കയും ആശങ്കയിൽ

പോണ്‍ഹബ്ബിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇറ്റലിയെന്നാണു സമീപകാല സര്‍വേ വ്യക്തമാക്കുന്നത്. കൊറോണക്കാലത്ത് ഈ തീമിലുള്ള അഡല്‍റ്റ് കണ്ടന്റുകള്‍ക്ക് ഊന്നല്‍ നല്‍കുകയാണു പോണ്‍ ഹബ്. മാസ്‌കുകളും സ്യൂട്ടുകളും ധരിച്ചുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കണ്ടന്റുകള്‍ ട്രെന്‍ഡിങ്ങാണ്.

കൂടാതെ, സഹസ്ഥാപനമായ മോഡല്‍ ഹബിന്റെ മാര്‍ച്ചിലെ വരുമാനം പ്രാദേശിക ആശുപത്രികള്‍ക്കു പോണ്‍ ഹബ് നൽകുകയും ചെയ്യും. ”മോഡല്‍ ഹബ്ബിന്റെ മാര്‍ച്ചിലെ വരുമാനം ഇറ്റലിയിലെ അടിയന്തര സാഹചര്യം മറികടക്കുന്നതിനു നല്‍കാന്‍ ‘പോണ്‍ ഹബ്’ തീരുമാനിച്ചു,” സൈറ്റ് തുറക്കുമ്പോള്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള ഈ സന്ദേശം കാണാം.

കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടര്‍ന്നുപിടിക്കുന്ന ഇറ്റലിയില്‍ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, സിനിമാ-നാടക തിയറ്ററുകള്‍, ബാറുകള്‍, നിശാക്ലബ്ബുകള്‍ ജിം, മ്യൂസിയം എന്നിവ ഏപ്രില്‍ മൂന്നു വരെ അടച്ചിരിക്കുകയാണ്. കായികമത്സരങ്ങള്‍, മത-സാംസ്‌കാരിക പരിപാടികള്‍, വിവാഹ പാര്‍ട്ടികള്‍, ശവസംസ്‌കാരച്ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. വടക്കന്‍ ഇറ്റലിയില്‍ പള്ളികളില്‍ കുര്‍ബാന നിരോധിച്ചു. പലചരക്ക് കടകളും ഫാര്‍മസികളും ഒഴികെയുള്ള മുഴുവന്‍ കടകളും പൂട്ടാന്‍ ഉത്തരവുണ്ട്.

ഇറ്റലിയിലുടനീളം സര്‍ക്കാര്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ചികിത്സ ഉള്‍പ്പെടെയുള്ള തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കു മാത്രമേ ആളുകള്‍ വീട് വിട്ടിറങ്ങാവൂ. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. വ്യക്തമായ കാരണമില്ലാതെ ക്വാറന്റൈനില്‍നിന്നു പുറത്തുകടക്കുന്നവര്‍ക്കു മൂന്നു മാസം വരെ തടവോ അല്ലെങ്കില്‍ 2,500 യൂറോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

Read Also: കൊറോണ കവർന്ന ചിരികൾ

ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുവരുന്ന വൈറസ് ബാധിച്ചവരില്‍നിന്ന് രോഗം പിടിപെട്ട് ആരെങ്കിലും മരിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. കൊറോണ വൈറസുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റങ്ങളുടെ കാര്യത്തില്‍ രോഗനിര്‍ണയ സമയം, സമ്പര്‍ക്ക സമയം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കും. ഇവയൊക്കെ ഒഴിവാക്കാനുള്ള സാധ്യത കൂടിയാണു പോണ്‍ ഹബ് തുറന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook