ഐസൊലേഷൻ വാർഡ് എന്നു കേൾക്കുമ്പോൾ പലർക്കും പേടിയാണ്. ദിവസങ്ങളോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, വേണ്ടപ്പെട്ടവരെ ഒന്ന് കാണാൻ പോലും സാധിക്കാതെ ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിക്കുക എന്ന അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല നമുക്ക്. എന്നാൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുകയാണ് കേരള സർക്കാർ.

Read More: കോവിഡ് 19: ഇന്ത്യയിൽ മരണം മൂന്നായി; 125 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലാ കലക്ടർ ഇന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ടാൽ നിങ്ങൾക്ക് കാര്യം മനസിലാകും. രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കാനുള്ള ഭക്ഷണം, വായിക്കാനുള്ള പത്രം എല്ലാം അവിടെയുണ്ട്. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നുള്ളതാണ് ചിത്രം.

പ്രഭാത ഭക്ഷണമായി ദോശ, സാമ്പാർ, രണ്ട് പുഴുങ്ങിയ മുട്ട, ഒരു ലിറ്റർ കുപ്പിവെള്ളം, ഓറഞ്ച്, ചായ, ജ്യൂസ്. രാവിലെ ഏഴ് മണിക്ക് ഇതെല്ലാം മുറിയിലെത്തും.

ഉച്ച ഭക്ഷണം 12 മണിക്കാണ് മുറിയിൽ എത്തുന്നത്. ചപ്പാത്തി, ചോറ്, വറുത്ത മീൻ, തോരൻ, കറി, തൈര്, ഒരു ലിറ്റർ മിനറൽ വാട്ടർ.

വൈകുന്നേരം 3.30ന് ചായ കൊടുക്കും. ഇതിനൊപ്പം ബിസ്കറ്റും പഴംപൊരി അല്ലെങ്കിൽ വടയും ലഭിക്കും. രാത്രി ഏഴ് മണിക്കാണ് അത്താഴം. അപ്പം, വെജ് സ്റ്റ്യൂ, രണ്ട് വാഴപ്പഴം, ഒരു ലിറ്റർ മിനറൽ വാട്ടർ.

ഇതാണ് മലയാളികളുടെ മെനു. വിദേശികൾക്ക് അവരുടെ താത്പര്യവും ഭക്ഷണ രീതിയുമനുസരിച്ച് മെനുവിൽ മാറ്റമുണ്ട്.

പ്രഭാതഭക്ഷണം സൂപ്പ്, പഴങ്ങൾ, വെള്ളരി, ഓറഞ്ച്, വാഴപ്പഴം, രണ്ട് മുട്ട പുഴുങ്ങിയത്. 11 മണിക്ക് പൈനാപ്പിൾ ജ്യൂസ്.

ഉച്ചയ്ക്ക് 12 മണിക്ക് ടോസ്റ്റ് ചെയ്ത ബ്രെഡ്, ആവശ്യമെങ്കിൽ​ ചീസ്, പഴങ്ങൾ. വൈകുന്നേരം നാല് മണിക്ക് ഫ്രൂട്ട് ജ്യൂസ്.

അത്താഴത്തിന് ടോസ്റ്റ് ചെയ്ത റൊട്ടി, ചിക്കിയ മുട്ട, പഴങ്ങൾ. ഇതുകൂടാതെ കുട്ടികൾക്ക് പാലും ഉൾപ്പെടുത്തിയിട്ടുണ്ട്!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook